പാലക്കാട്: മലന്പുഴ ഡാമിന്റെയും ഉദ്യാനത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കാൻ ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഡാമിലും ഉദ്യാനത്തിലും മറ്റും അടിയന്തിരമായി ചെയ്തു തീർക്കേണ്ട പ്രവർത്തികളും, പദ്ധതികളും ഉൾപ്പെടുന്ന കത്ത് സ്ഥലം എം എൽ എയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ കൂടിയായ വി.എസ് അച്യുതാനന്ദൻ നൽകിരുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥ മേധാവികളെയും വിളിച്ച് ചർച്ച നടത്തിയത്. ഉദ്യാനത്തിലും, മാംഗോ ഗാർഡനിലും നിലവിലുള്ള കാട് മൂന്ന് ആഴ്ച്ച കൊണ്ട് വെട്ടിതെളിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഡാമും പരിസരവും പൂർണ്ണമായി മാലിന്യമുക്തമാക്കാൻ ഗ്രാമപഞ്ചായത്ത് സഹായത്തോടെ നടപടി സ്വീകരിക്കും.
ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഒരാഴ്ചക്കുള്ളിൽ തന്നെ ഇത് പൂർത്തിയാക്കും. ഡാം പരിസരത്തെ പാഴ്മരങ്ങൾ ഉടൻ വെട്ടിനീക്കും. ഉദ്യാനത്തിലും, ഡാമിന്റെ പരിസരത്തുള്ള ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കും. ഉദ്യാനപരിപാലനത്തിനായുള്ള മുഴുവൻ എച്ച് ആർ തൊഴിലാളികളുടെയും സേവനം ഉറപ്പു വരുത്തും. നിയമിച്ചിട്ടുള്ള തൊഴിലാളികളുടെ എണ്ണവും, നിയമനവും പരിശോധിക്കും. ജനറേറ്ററും, ജനറേറ്റർ മുറിയും അടിയന്തിരമായി സ്ഥാപിക്കും.
ഡാം പരിസരത്തുള്ള അനധികൃത കച്ചവടക്കാരെ നിർബന്ധമായും ഒഴിവാക്കും. പൈതൃകമൂല്യമുള്ള ഉദ്യാനത്തിലെ ടോയ് ട്രെയിൻ സ്ഥിരം ഓടിക്കുവാനുള്ള നടപടികൾ ഒരാഴ്ചക്കകം സ്വീകരിക്കും. ഡാമിന്റെയും ഡാമിന്റെ പരിസരത്തെയും റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. വൃഷ്ടി പ്രദേശത്ത് ഭൂമികൈയ്യേറ്റം തടയുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കുവാൻ എസ്റ്റേറ്റ് ഓഫീസർ കൂടിയായ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
ഡാം സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ള മുഴുവൻ കമാൻഡോകളെയും വിന്യസിപ്പിക്കും. ഡി ടി പി സി യുമായി ചേർന്നുള്ള ഗ്രീൻ കാർപ്പറ്റ് പദ്ധതി ഉടൻ പൂർത്തിയാക്കും. മലന്പുഴ ബസ് സ്റ്റാൻഡിനടുത്തുള്ള മുഴുവൻ കടകളും ഉടൻ ലേലം ചെയ്യും. ഗവർണ്ണർ സീറ്റിനടുത്തുള്ള ടെലിസ്ക്കോപ്പിക്ക് ടവർ ഉടൻ സ്ഥാപിക്കാൻ ചീഫ് എഞ്ചിനീയർ തലത്തിൽ നടപടി സ്വീകരിക്കും.
എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മരുതറോഡ് കുടുംബശ്രീ ജനസേവന കേന്ദ്രത്തിനായുള്ള ഭൂമി വിട്ടുകൊടുക്കുന്നതിന് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നടപടി വേഗമാക്കും. മണ്ണ്-ജല സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായും. ക്ഷീരകർഷകർക്ക് തീറ്റപ്പുൽ ലഭിക്കുന്നതിനായുമുള്ള ഈ സംരംഭത്തിന്റെ പദ്ധതി രേഖ വി.എസ് അച്യുതാനന്ദൻ എം.എൽ.എ ജല വകുപ്പിന് സമർപ്പിച്ചിരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാസ് യോഗത്തിൽ പങ്കെടുത്തു.
മലന്പുഴ ഡാമും ഉദ്യാനവും കുറ്റമറ്റ രീതിയിൽ നിരന്തരം പരിപാലിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടലും, നിർവ്വഹണവും മേൽനോട്ടവും നിശ്ചയമായും ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര രാമചന്ദ്രൻ.വി, ചീഫ് എഞ്ചീനിയർ ജോഷി, പ്രോജക്ട് ചീഫ് എഞ്ചിനീയർ തിലകൻ, ശിരുവാണി സർക്കിൾ സുപ്രണ്ടിംഗ് എഞ്ചിനീയർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി സി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.