മോസ്കോ: ലയണൽ മെസിയെന്ന സൂപ്പർ താരം സെന്റ് പീറ്റേഴ്സ് ബർഗിലെ മൈതാനത്ത് മിന്നും ഗോൾ നടിയപ്പോൾ ഗാലറിൽ തുള്ളിച്ചാടിയവരിൽ ഒരിതിഹാസവുമുണ്ടായിരുന്നു. മറ്റാരുമല്ല ഡീഗോ മറഡോണ. ഈ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം മുതൽ ടീമിന് പ്രചോദനമായി കളികൾ കാണാനെത്തിയിരുന്നു അദ്ദേഹം.
നൈജീരിയയ്ക്കെതിരെ ഓരോതവണയും മെസിയും കൂട്ടരും മുന്നേറ്റങ്ങൾ നടത്തുമ്പോഴും മറഡോണ ആവേശം കൊണ്ടു.14ാം മിനിറ്റിൽ മെസി ഗോളടിച്ചപ്പോൾ തുള്ളിച്ചാടുന്ന മറഡോണയെയാണ് ഗാലറിയിൽ കണ്ടത്. നൈജീരിയ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരുന്നു അദ്ദേഹം. എന്നാൽ മാർക്കസ് റോജോ അർജന്റീനയുടെ വിജയഗോൾ നേടിയപ്പോൾ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഇതിഹാസ താരം വിവാദത്തിൽപ്പെടുകയും ചെയ്തു.
ഗാലറിയിലേക്ക് നോക്കി ഇരുകൈകളുമുയർത്തി അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദംക്ഷണിച്ചു വരുത്തിയത്. നിമിഷങ്ങൾക്കകം മറഡോണയുടെ ഈ നടപടി വിമർശനങ്ങളേറ്റുവാങ്ങി. മറഡോണയെപ്പോലൊരാൾ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന് നിരവധിപ്പേർ പ്രതികരിച്ചു. ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നതുവരെയെത്തി കാര്യങ്ങൾ.