മോസ്കോ: ലോകകപ്പിലെ നിർണായക മത്സരത്തിൽ ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ അക്കില്ലസ് പ്രവചനം അസ്ഥാനത്തായി. നൈജീരിയയ്ക്കെതിരായ മത്സരം അർജന്റീന തോൽക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരൻ പൂച്ചയുടെ പ്രവചനം. ജയത്തിൽ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അർജന്റൈൻ ആരാധകരുടെ ചങ്കിടിക്കാൻ കൂടുതലൊന്നും വേണ്ടിയിരുന്നില്ല.
അതിന് കാരണവുമുണ്ട്, ഈ ലോകകപ്പിൽ അർജന്റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുൻപ് വരെയുള്ള മത്സരങ്ങളേക്കുറിച്ച് അക്കില്ലസ് നടത്തിയ പ്രവചനങ്ങൾ അണുവിട തെറ്റിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ കോണ്‍ഫഡറേഷൻ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാർക്കസ് റോജോ ഗോൾ നേടുന്നതുവരെ അർജന്റൈൻ ആരാധകർക്ക് അക്കില്ലസിന്റെ പ്രവചനം പേടിസ്വപ്നമായി നിന്നിരുന്നു.
എന്നാൽ, റോജോ വിജയഗോൾ നേടിയതിനു പിന്നാലെ ആരാധകരും ട്രോളന്മാരും ആദ്യം തിരിഞ്ഞത് അക്കില്ലസിനു നേരെയായിരുന്നു. അക്കില്ലസിനെ കുഴിച്ചുമുടുന്നതടക്കമുള്ള ചിത്രങ്ങളിട്ട് ട്രോളന്മാർ കളംവാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.