മുംബൈ: കിട്ടാക്കടം പെരുകി നഷ്ടക്കയത്തിലായ ഐഡിബിഐ ബാങ്കിനെ ലൈഫ് ഇൻഷ്വറൻസ് കോർപറേഷനു (എൽഐസി) നല്കാൻ കേന്ദ്രസർക്കാർ നീക്കം. ഇത് എൽഐസിക്കു ക്ഷീണമേ വരുത്തൂ എന്നു ധനകാര്യ നിരീക്ഷകർ.
കഴിഞ്ഞ വർഷം 8,238 കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് ഐഡിബിഐ ബാങ്ക്. മൂന്നു വർഷം കൊണ്ട് 17,000ൽപരം കോടി രൂപയാണ് നഷ്ടം. കഴിഞ്ഞ ധനകാര്യ വർഷം കേന്ദ്രം 12,000 കോടി രൂപ പുനർമൂലധനമായി നല്കിയ തുകയും നഷ്ടക്കയത്തിൽ മുങ്ങിപ്പോയി.
കൊടുത്തിരിക്കുന്ന വായ്പകളിൽ 28 ശതമാനം (55,000 കോടി രൂപ) നിഷ്ക്രിയ ആസ്തിയാണ്. ഗഡുവോ പലിശയോ കിട്ടാത്തവ. വേറൊരു 60,000 കോടി രൂപയുടെ വായ്പ പ്രശ്നവായ്പകളിൽ പെടുന്നു. യഥാസമയം പലിശയും ഗഡുവും കിട്ടാത്തവ.
ഇങ്ങനെയൊന്നിനെ എൽഐസിയുടെ തലയിൽ കെട്ടിവയ്ക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. ഇപ്പോൾ ഐഡിബിഐ ബാങ്കിൽ 81 ശതമാനം ഓഹരി കേന്ദ്രത്തിനും 10 ശതമാനം എൽഐസിക്കുമാണ്.
എൽഐസിയെ ബാങ്കിന്റെ പ്രൊമോട്ടറാക്കി മാറ്റുന്ന വിധം ഭൂരിപക്ഷ ഓഹരി നല്കാനാണു കേന്ദ്രനീക്കം. ഇതിനു പുതിയ ഓഹരി എന്തു വിലയ്ക്കു നല്കും എന്നതു മുതൽ തർക്കങ്ങൾ തുടരുന്നു. എൽഐസി ഭൂരിപക്ഷ ഉടമയായാൽ അടുത്ത വർഷങ്ങളിലെ നഷ്ടത്തിനു പകരം വീണ്ടും മൂലധനം ഇറക്കേണ്ടിവരും. അത് എത്രകാലം വേണ്ടിവരുമെന്നു പറയാനാവില്ല.
ഇപ്പോൾതന്നെ എല്ലാ പൊതുമേഖലാ ബാങ്കിലും എൽഐസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ലൈഫ് ഇൻഷ്വറൻസിന് ഒരു ബാങ്കിന്റെ പങ്കാളിത്തത്തിനാണെങ്കിൽ ഭദ്രനിലയിലുള്ള ഏതെങ്കിലും നല്കണം.
ഉടമയായ കേന്ദ്രസർക്കാർ ഐഡിബിഐയെ രക്ഷിക്കാൻ പണം മുടക്കിയാൽ ധനകമ്മി വർധിക്കും. അതിനാലാണ് എൽഐസിയെ കരുക്കിലാക്കുന്നത്. ഐഡിബിഐ ബാങ്ക് മുന്പും പ്രശ്നക്കുരുക്കിലായതാണ്. രണ്ട് കിട്ടാക്കടങ്ങൾ വിറ്റാണു പരിഹാരം കണ്ടത്.
ഇപ്പോൾ മിക്കവരും നിർദേശിക്കുന്നത് ഐഡിബിഐ ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കാനാണ്. ബാങ്കിനു മുംബൈയിൽ പലേടത്തായി 6000ൽപരം കോടി രൂപ വിലയുള്ള ഭൂമിയും കെട്ടിടങ്ങളുമുണ്ട്. കിട്ടാക്കടങ്ങളും നല്ലകടങ്ങളും വിറ്റൊഴിഞ്ഞു നിക്ഷേപകർക്കു നല്കാനുള്ളതു കൊടുത്തുതീർക്കാൻ പറ്റും.