മുണ്ടക്കയം: നാടൻ സാധനങ്ങൾ ന്യായവിലയ്ക്ക് നാട്ടുകാർക്ക് എത്തിക്കുകയെന്ന ദൗത്യവുമായി നാട്ടു ചന്ത മുണ്ടക്കയത്ത് ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ ദേശീയപാത 183ന്റെ ഓരത്ത് മുണ്ടക്കയത്തെ കല്ലേപാലം ജംഗ്ഷനിൽ മുക്കാടൻ – കൂലിപറന്പിൽ എന്നീ വ്യാപാര സമുച്ചയങ്ങളുടേയും നായനാർ ഭവന്റെയും ( സി പി ഐ എം മുണ്ടക്കയംലോക്കൽ കമ്മിറ്റി ഓഫീസ്) മുന്നിലായിട്ടാണ് നാട്ടു ചന്ത പ്രവർത്തിക്കുക. മുണ്ടക്കയം ഫാർമേഴ്സ് ക്ലബാണ് ഇതിന്റെ സംഘാടകർ.
ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് നാൽപ്പതു വർഷം മുന്പ് പ്രവർത്തനം നിലച്ചുപോയ പുത്തൻചന്തയുടെ ഓർമകൾ അഴവിറക്കി പഴമകൾ നിലനിർത്തിയാണ് പുതുതായി നാട്ടുചന്ത ആരംഭിക്കുന്നത്. ജൈവ പച്ചക്കറി, മായം കലരാത്ത ആറ്റുമീൻ, കായൽ മൽസ്യം, ചട്ടിയിൽ പാചകം ചെയ്ത ഫ്രഷ് മീൻ കറി, മറയൂർ ശർക്കര, മാർത്താണ്ഡം കരിപ്പെട്ടി, നാടൻ കോഴി, ചക്കിലാട്ടിയ വെളിച്ചെണ്ണ, മായം കലരാത്ത മുളക് – മല്ലി-മസാല പൊടികൾ, പോത്തിറച്ചി, ഉണക്കമീൻ, നാടൻ കപ്പ, ചട്ടി, കലങ്ങൾ, കൊട്ട, വട്ടി, കറിക്കത്തി, വാക്കത്തി, കാർഷിക ഉപകരണങ്ങൾ, തേൻ, തേൻ ഉല്പന്നങ്ങൾ, നാടൻ പലഹാരങ്ങൾ, വിവിധ തരം അച്ചാറുകൾ, തേയില, കാപ്പി പൊടി തുടങ്ങി ഒരു വീടിനു വേണ്ട എല്ലാ സാധനങ്ങളും മിതമായ വിലയിൽ നാട്ടു ചന്തയിൽനിന്ന് വാങ്ങാൻ കഴിയും.
ആട്, കോഴി എന്നിവ ലേലം ചെയ്തു വിൽക്കും. പശുവിൻ പാൽ സ്ഥലത്തു വെച്ചു തന്നെ കറന്നു നൽകും. ചന്തയിലുള്ള പച്ച മീൻ കാട്ടിക്കൊടുത്താൽ അപ്പോൾ തന്നെ വെട്ടി വൃത്തിയാക്കി കറി വെച്ചു നൽകും. ഇതോടൊപ്പം ഉണ്ണിയപ്പം സ്ഥലത്തു വെച്ച് തന്നെ പൊരിച്ചു നൽകുവാനും സംവിധാനമൊരുക്കിയിട്ടുണ്ട്. പൊതിക്കാത്ത നാളികേരം ഓർഡർ അനുസരിച്ച് പൊതിച്ചു നൽകുവാനും പരിപാടിയുണ്ട്. ചൂടു പായസവും വിൽപ്പനയ്ക്കായ് ഒരുക്കും.
നാട്ടു ചന്തയുടെ ഉദ്ഘാടന ദിനത്തിൽ 42 കർഷക കുടുബങ്ങളെ ആദരിക്കും. ഉദ്ഘാടന ദിനത്തിൽ ഇവിടെയെത്തുന്നവർക്ക് വൃക്ഷ തൈകളും പച്ചക്കറി വിത്തും നൽകും. കെ എൻ സോമരാജൻ പ്രസിഡന്റ്, പി എൻ സത്യൻ സെക്രട്ടറി, സിവി അനിൽകുമാർ രക്ഷാധികാരി, എംജി രാജു, പി കെ പ്രദീപ്, റെജീനാ റഫീഖ് തുടങ്ങി 13 പേരടങ്ങിയ കമ്മിറ്റിയാണ് മുണ്ടക്കയം ഫാർമേഴ്സ് ക്ലബ്ലിന്റെ നടത്തി പ്പുകാർ. നാട്ടു ചന്തയുടെ ഉദ്ഘാടനം ഉത്സവമാക്കി മാറ്റുവാനുള്ള തിരക്കിലാണു് സംഘാടകർ.
ജൂലൈ ഒന്നിന് രാവിലെ ഒന്പതിന് മുൻ നിയമസഭാംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ് നാട്ടുചന്ത നാടിനായ് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് കൃഷ്ണകുമാർ (എരുമേലി ), കെ ടി ബിനു (പെരുവന്താനം), കെ എസ് രാജു മ്രുണ്ടക്കയം), പി കെ സുധീർ (കോരുത്തോട് ), നെച്ചൂർ തങ്കപ്പൻ (കൊക്കയാർ ) കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ജി വസന്തകുമാരി, അജിതാ രതീഷ്, ലീലാമ്മ കുഞ്ഞുമോൻ, കേരള കർഷകസംഘം സംസ്ഥാന സമിതിയംഗം അഡ്വ. പി. ഷാനവാസ്, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കാളികളാകും.