വൈപ്പിൻ: തമിഴ്നാട് വെല്ലൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുതുവൈപ്പ് മറ്റത്തിൽ സെബാസ്റ്റ്യന്റെ മകൻ ഷെറിൻ ആന്റണി(29)യുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് പുതുവൈപ്പിലെത്തിക്കും. ഈ മാസം 13ന് പുതുവൈപ്പിൽ നിന്നും കാണാതായ ഷെറിനെ തമിഴ്നാട് വെല്ലൂർ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൈവശമുണ്ടായിരുന്ന ആധാർകാർഡ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. വെല്ലൂർ നോർത്ത് പോലീസ് ഞാറക്കൽ പോലീസുമായി ബന്ധപ്പെട്ട് വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഇന്നലെ വെല്ലൂർക്ക് തിരിച്ചിരുന്നു. ആലപ്പുഴയിലെ കലവൂരിൽ ധ്യാനത്തിനു പോകുന്നു എന്ന് പറഞ്ഞാണ് ഇയാൾ 13ന് വീട്ടിൽ നിന്നും ഇറങ്ങിയത്.
കാണാതായതിനെ തുടർന്ന് 15ന് പിതാവ് ഞാറക്കൽ പോലീസിൽ പരാതി നൽകി. താൻ എൻജിനീയറാണെന്നും പാലക്കാട്, കോയന്പത്തൂർ മേഖലകളിൽ ജോലി ചെയ്യുകയാണെന്നുമൊക്കെ ഇയാൾ ബന്ധുക്കളോട് പറയാറുള്ളതനുസരിച്ച് ആ വിലാസങ്ങളിൽ പോലീസ് ആളെ തെരഞ്ഞിരുന്നെങ്കിലും അതെല്ലാം വ്യാജ വിലാസങ്ങളാണെന്ന് അന്വേഷണത്തിൽ പോലീസിനു മനസിലായി.
ഇതിനിടയിലാണ് മരിച്ചതായി വിവരം ലഭിച്ചത്. അമ്മ: റീന. സഹോദരൻ: ഷാരോണ്‍ ആന്റണി.