ചിറ്റൂർ: വൃദ്ധനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിലായത് നാടിനേയും ഞെട്ടിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്തുതർക്കം. പ്രതികളെ വീണ്ടും വിശദമായി ചോദ്യം ചെയ്തതിനുശേഷം.
തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.അത്തിമണി അണ്ണാക്കോട്ടിൽ നാരായണൻകുട്ടി (അപ്പു-85)യെയാണ് ഇക്കഴിഞ്ഞ ഏപ്രില് 21ന് വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അപ്പുവിന്റെ മകൻ മണികണ്ഠൻ (38), സഹായി അണ്ണാക്കോട് തങ്കവേലുവിന്റെ മകൻ കൃഷ്ണസ്വാമി (55) എന്നിവരെയാണ് ഇന്നലെ വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അപ്പുവിന്റെ മകൾ ഉൾപ്പടെയുള്ള ചില ബന്ധുക്കളും നാട്ടുകാരും മുൻ എംഎൽഎ കെ.അച്യുതനും ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ്കുമാർ ബെഹ്റക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എസ്.പി ചിറ്റൂർ സി.ഐ വി.ഹംസക്ക് പുനരന്വേഷണത്തിനു നിർദേശം നൽകി. സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മൃഗീയ കൊലപാതകത്തിന്റെ വിവരം വെളിച്ചത്തുവന്നത്. സ്വത്ത് കൈക്കലാക്കാൻ വേണ്ടിയുള്ള ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോൾ വെള്ളം അകത്തുചെന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. നാരായണൻകുട്ടിയുടെ പേരിലുള്ള അഞ്ചര ഏക്കർ സ്വത്ത് വിൽപ്പന നടത്തി ഏഴുമക്കൾക്കും വിഹിതംവെക്കാൻ തീരുമാനിച്ചിരുന്നു. ഏക്കറിന് 25ലക്ഷം നിരക്കിൽ വിൽപ്പന നടത്താനും ഇത് മക്കൾക്കും തനിക്കും തുല്യപങ്കാളിയായി വീതംവെക്കാനുമാണ് നാരായണൻകുട്ടി തീരുമാനിച്ചിരുന്നത്.
മണികണ്ഠൻ സ്വത്ത് മുഴുവൻ 25ലക്ഷം നിരക്കിൽ താൻ തന്നെ വാങ്ങാമെന്നും ഇതിനു അഡ്വാൻസ് പത്തുലക്ഷം ഏപ്രിൽ 21ന് തരാമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാൽ കൈയിൽ പണമില്ലാതിരുന്ന മണികണ്ഠൻ സ്വത്ത് കൂടുതലും അപഹരിക്കാനാണ് ആസൂത്രിത കൊലപാതകം നടത്തിയതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്്.
അച്ഛനെ വകവരുത്താനായ കൃഷ്ണസ്വാമി നാഗരാജ് എന്നിവരെ മണികണ്ഠൻ മദ്യം നൽകി വശീകരിച്ചു. എന്നാൽ ആദ്യഘട്ടത്തിൽ കൃഷ്ണസ്വാമിയും നാഗരാജും കൃത്യനിർവഹണത്തിന് എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് മണികണ്ഠന്റെ ഭീഷണിക്ക് കീഴടങ്ങി. രാത്രി 10.40ന് വീടിന്റെ മുൻവാതിൽ മണികണ്ഠൻ കൈ അകത്തിട്ട് തുറന്നു അകത്തുകിടന്നു. പിന്നീട് നാരായണൻകുട്ടിയെ മുണ്ടിട്ട് ദേഹം മുഴുവനും വലിഞ്ഞുമുറിക്കി വൃണപ്പെടുത്തി.
പിന്നീട് അവശനായതോടെ മർദ്ദിക്കുകയും ചെയ്തു. രാത്രി പതിനൊന്നു മണിയോടെ പിതാവിനെ വലിച്ചിഴച്ച് വീടിന് പുറത്തുകൊണ്ടുവന്ന് കിണറിന് സമീപത്തെത്തിച്ചു. പിന്നീട് കൃഷ്ണസ്വാമിയെ കൊണ്ട് കാൽഭാഗം ഉയർത്താൻ പറഞ്ഞ് തലഭാഗത്തോട് ചേർത്തുപിടിച്ച് ജീവനോടെ പിതാവിനെ കിണറ്റിൽ തള്ളുകയാണുണ്ടായത്.
സംഭവത്തിനു ശേഷം ഏറെ നാടകീയമായ രംഗങ്ങൾ അവതരിപ്പിച്ച് മീനാക്ഷിപുരം പോലീസ് വിശ്വസിച്ച് കേസ് അവസാനിപ്പിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും ചിറ്റൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു.