ഏങ്ങണ്ടിയൂർ: രോഗികൾക്കു സാന്ത്വനവും ആരോഗ്യത്തിന്റെ ഉൗർജവും അറിവിന്റെ വെളിച്ചവും പകരാൻ ഇനി പുസ്തകങ്ങളും. നിപ്പാ രോഗബാധിതരെ ശുശ്രൂഷിച്ചു രോഗബാധിതയായി മരിച്ച സർക്കാർ ആശുപത്രിയിലെ നഴ്സ് പി.എൻ. ലിനിയുടെ ഓർമയുമായി ഏങ്ങണ്ടിയൂർ നഴ്സിംഗ് കോളജിലാണു രോഗികൾക്കായി വായനശാല ആരംഭിച്ചത്.
സംവിധായകൻ സത്യൻ അന്തിക്കാട് രണ്ടു കഥാപുസ്തകങ്ങൾ ആശുപത്രിയിൽ ചികിൽസയിലുള്ള മേരി ടീച്ചർക്കു കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. സിനിമ വിദൂരസ്വപ്നമായിരുന്ന കാലത്ത് പുസ്തകങ്ങളായിരുന്നു കൂട്ടെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞു.
പണ്ടു നാട്ടിൽ കുട്ടികളുടെ ലൈബ്രറി ആരംഭിച്ചതു ചെമ്മീൻ സിനിമ പ്രദർശിപ്പിച്ചു സമാഹരിച്ച പണം ഉപയോഗിച്ചാണ്. സിനിമാ ജീവിതത്തിൽ തിരക്ക് ഒഴിഞ്ഞ നേരമില്ല. വായനയ്ക്കു സമയമില്ലാതായപ്പോൾ ശ്രീനിവാസനും താനും രഹസ്യമായി ഒരു തീരുമാനമെടുത്തു. ഒരു മാസത്തോളം ഷൊർണൂരിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിച്ച് പുസ്തകങ്ങൾ വായിച്ചുകൂട്ടാനായിരുന്നു തീരുമാനം.
അങ്ങനെ വായന മുഴുകി കുറച്ചുനാൾ കഴിച്ചുകൂട്ടുന്പോൾ ഒരു നവോന്മേഷമാണ്. പുസ്തകങ്ങൾ രോഗികൾക്കും അല്ലാത്തവർക്കുമെല്ലാം വിജ്ഞാനം പകരും. വായനയിൽനിന്നുള്ള അറിവ് ജീവിതാവസാനം വരെ നമുക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറിയുടെ നടത്തിപ്പുകാരായ നഴ്സുമാരുടെ പ്രതിനിധികളായ റിയ പോൾസണ്, ഷീല ഡേവിസ് എന്നിവർക്ക് സത്യൻ അന്തിക്കാട് ലൈബ്രറിയുടെ താക്കോൽ കൈമാറി.
ആശുപത്രിയിൽ സജ്ജമാക്കിയ പി.എൻ. ലിനി സ്മാരക വായനശാലയിൽ അഞ്ഞൂറോളം പുസ്തകങ്ങളാണ് ഉള്ളത്. വൈകാതെത്തന്നെ പതിനായിരത്തോളം പുസ്തകങ്ങളാകും. ആശുപത്രിയിൽ വൈകാതെത്തന്നെ മ്യൂസിക് തെറാപ്പിയും തുടങ്ങുമെന്ന് ഡയറക്ടർ ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട് അറിയിച്ചു.
ലൈബ്രറിക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയ ജോസ് ആലുക്കാസ് ഗ്രൂപ്പ് സാരഥി ജോസ് ആലുക്കയെ ആദരിച്ചു. ആശുപത്രിയിൽ പ്രഫ. പി.സി. തോമസ് സജ്ജമാക്കിയ പുതിയ ശുദ്ധജല വിതരണ സംവിധാനത്തിന്റെ ആശീർവാദം ഏങ്ങണ്ടിയൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോയ് പുത്തൂർ നിർവഹിച്ചു.നിർധന രോഗികൾക്കു ചികിൽസാ സഹായം നൽകാൻ ആരംഭിക്കുന്ന തിരുഹൃദയ നിധിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. നിധിയിലേക്കുള്ള ആദ്യ തുക സലോമി ജോയ് കൈമാറി.
എഫ്സിസി പ്രോവിൻഷ്യാൽ സിസ്റ്റർ റോസ് അനിത, വെൽകെയർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഇ.എം. അജയ്കുമാർ, എം.ഐ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സണ്ജയ് തൈക്കാട്ടിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് പഞ്ഞിക്കാരൻ എന്നിവർ പ്രസംഗിച്ചു. രോഗികൾക്കുള്ള ലൈബ്രറിയിലേക്കു പുസ്തകങ്ങൾ നൽകാൻ താല്പര്യമുള്ളവർ 8921111621 എന്ന നന്പറിൽ ബന്ധപ്പെടണം.