തൃശൂർ: രാവുറങ്ങാത്ത രാത്രിയായിരുന്നു അത്. ആശങ്കകളുടെ പകൽപൂരത്തിനൊടുവിൽ ആഘോഷത്തിന്റെ പെരുമഴ പെയ്ത രാവ്!!അർജന്റീന നൈജീരിയയ മത്സരത്തിന്റെ ഫൈനൽ വിസിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മുഴങ്ങും മുൻപേ ലോകമെങ്ങും…ഇന്ത്യയിലും കേരളത്തിലും തൃശൂരിലും ആഘോഷങ്ങൾ കിക്കോഫ് ചെയ്യപ്പെട്ടിരുന്നു..
ബിഗ് സ്ക്രീനിൽ കളി കാണിച്ചിരുന്ന ഇടങ്ങളെല്ലാം അർജന്റീന ആരാധകരാൽ പൂരപ്പറന്പിന് തുല്യമായി…രാത്രി ഒന്നരയ്ക്ക് പടക്കങ്ങൾ പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആരാധകർ തങ്ങളുടെ പ്രിയടീമിന്റെ പ്രിക്വാർട്ടർ എൻട്രി ആഘോഷമാക്കി..കഴിഞ്ഞ മത്സരത്തിനു ശേഷം അർജന്റീനയുടെ ജേഴ്സി വലിച്ചുകീറിയെറിഞ്ഞ കൊച്ചു ആരാധകൻ ഇന്നലെ മത്സരം കഴിഞ്ഞപ്പോൾ ആ ജേഴ്സിയെടുത്ത് നന്ദിയോടെ നെഞ്ചോടു ചേർത്ത് പറഞ്ഞു…സോറി….
ഹൃദയത്തിൽ നിന്നും പറിച്ചെടുക്കും പോലെ എടുത്തുമാറ്റിയ ഫ്ളെക്സുകൾ വീണ്ടും അതേ സ്ഥാനത്ത് കൊണ്ടുവന്നുവയ്ക്കുന്പോൾ നഗരത്തിലെ ആരാധകർ ആവേശത്തോടെ പറഞ്ഞു – വാമോസ് അർജന്റീന..
അർജന്റീനയുടെ ഫ്ളെക്സുകൾക്കും അവരുടെ ജേഴ്സിയുടെ നിറമുള്ള കൊടിതോരണങ്ങൾക്കും കാറ്റുപിടിച്ച രാത്രിയായിരുന്നു അത്…തലതാഴ്ത്തി നിന്ന കൊടിതോരണങ്ങൾ ആവേശത്തിമർപ്പിൽ ആടിത്തിമർക്കുന്ന പോലെ തോന്നി…
ആദ്യ ഗോൾ മെസി നേടുന്പോൾ ആരാധകർ കൈയടിക്കുന്നതോടൊപ്പം സന്തോഷം കൊണ്ട് വിതുന്പുകയും ചെയ്യുന്നുണ്ടായിരുന്നു….
ഇടക്കിടെ ടിവിയിൽ സീക്കോ എന്ന മറോഡോണയെ കാണിക്കുന്പോൾ ആവേശം അതിന്റെ പാരമ്യത്തിലേക്ക് ഡ്രിബിൾ ചെയ്തു..കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയ മെസിയെ ട്രോളുകളാൽ കുരിശിൽ തറച്ചവർ നൈജീരിയക്കെതിരെ മെസി ഗോൾ നേടി ഒടുവിൽ വിജയം സ്വന്തമാക്കിയപ്പോൾ ഫുട്ബോളിലെ മിശിഹായെ ട്രോളുകളാൽ വാഴ്ത്തി..
മത്സരം കാണാതെ ഉറങ്ങാൻ പോയവരെ ഉണർത്തി ആരാധകർ വിജയാഘോഷം പങ്കിട്ടു..വാട്സാപ്പുകൾക്കും സോഷ്യൽമീഡിയക്കും വിശ്രമമുണ്ടായിരുന്നില്ല…മെസേജുകളും ട്രോളുകളും പാറിപ്പറന്നു..അർജന്റീനയുടെ രണ്ടാം ഗോൾ പോലെ..
ഒരു പെനാൽറ്റി നഷ്ട്ടപ്പെടുത്തിയതിന്റെ പേരിൽ നിങ്ങളവനെ കുരിശിൽ തറച്ചോളൂ കൂരന്പുകൾ കൊണ്ട് അവന്റെ നെഞ്ചിൽ കുത്തിക്കോളൂ പക്ഷേ …… മൂന്നാം നാൾ …… മൂന്നാം നാൾ …… അവൻ ഉയർത്തേഴുന്നേല്ക്കും….. കാരണം അവൻ കാൽപന്ത് കളിയുടെ മിശിഹയാണ് എന്ന് ഫെയ്സ് ബുക്കിൽ കുറിച്ചിട്ട ആരാധകൻ കളി കഴിഞ്ഞപ്പോൾ കാൽപ്പന്ത് കളിയുടെ മിശിഹയെ വാഴ്ത്തി..
ഈ വിജയം ജീവത്യാഗം ചെയ്ത പ്രിയപ്പെട്ട ദീനു അലക്സിനുള്ള മെസ്സിയുടെ, അർജൻറീനയുടെ സമർപ്പണമാണ് എന്ന് കുറിച്ചിട്ടവരുമുണ്ട്..മെസിയെ വാഴ്ത്താൻ വാക്കുകൾ കിട്ടാതെ ആരാധകർ വലയുകയായിരുന്നു.അവൻ വല കുലുക്കുന്പോൾ മൈതാനത്തിന് വല്ലാത്തൊരു താളമാണ്. അത് കടൽ പോലെ ആർത്തിരന്പും. അവന്റെ ഗോളിന് മറ്റേതൊരു ഗോളിനെക്കാൾ ശക്തിയുണ്ട്.
അവനു വേണ്ടി ലോകം തന്നെ കരയും. അവന്റെ വിജയത്തിനായ് ലോകം കാതോർക്കും. കാരണം കോടിക്കണക്കിന് ജനങ്ങളുടെ കണ്ണീർ തുടയ്ക്കാൻ കെൽപ്പുള്ള ദൈവപുത്രനാണ് അവൻ – ഒരു ആരാധകൻ എഴുതിയിട്ടു..
അർജന്റീനയുടെ മൂന്ന് അവസ്ഥകളെക്കുറിച്ചും പോസ്റ്റിട്ടവരുണ്ട്…
സമനിലയുടെ വികാരമറിഞ്ഞു..
പരാജയത്തിന്റെ വേദനയറിഞ്ഞു..
വിജയത്തിന്റെ ആഹ്ളാദവുമറിഞ്ഞു…