കരുനാഗപ്പള്ളി : പുത്തൻ തെരുവിനു സമീപം വീട്ടിൽ സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 55 ചാക്ക് റേഷൻ അരിയാണ് പിടികൂടിയത്.
പുത്തൻ തെരുവിന് സമീപം സാബൂൻറെയ്യത്ത് നിസാറിന്റെ വീടിന് പിന്നിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങളാണ് പിടികൂടിയത്. ജില്ലാ കളക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു റെയ്ഡ് നടന്നത്. വിവിധ ഭാഗങ്ങളിൽ നിന്നം ശേഖരിക്കുന്ന റേഷനരി റീ പായ്ക്ക് ചെയ്ത് പുതിയ ബ്രാൻഡ് പേരുകളിൽ വിപണനം ചെയ്യുന്നതിന് വേണ്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
അമർദീപ്, താജ്റൈസ്, വനിത തുടങ്ങിയ പേരുകളിലാണ് അരി വിപണനം നടത്തിയിരുന്നത്. അരി നിറക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് ചാക്കുകളും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ സപ്ലെ ഓഫീസർ ഷാജി കെ ജോൺ, താലൂക്ക് സപ്ലൈ ഓഫീസർ ലീലാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റേഷനിംഗ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, അബ്ദുൽ റഹീം എന്നിവരും റെയ്ഡിൽ പങ്കെടുത്തു.