കുമളി: സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന കർശനമാക്കിയപ്പോൾ കുമളി, കന്പംമെട്ട് ചെക്ക് പോസ്റ്റുകൾ വഴി വിഷം കലർന്ന ലോഡുകണക്കിന് മത്സ്യം കേരളത്തിലേക്ക് കടത്തുന്നു.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുമാണ് ശീതീകരണ സംവിധാനമുളള കൂറ്റൻ ലോറികളിൽ കുമളിവഴി മീൻ എത്തിക്കുന്നത്. ചെറിയ വാഹനങ്ങളിലും എത്തിക്കുന്നുണ്ട്. കുമളി, കന്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന ഇല്ലാത്തതാണ് ഇതുവഴിയുള്ള കടത്ത് വർധിക്കാൻ കാരണം. തമിഴ്നാട്ടിലെ തൂത്തുക്കുടിയാണ് പ്രധാന വിപണനകേന്ദ്രം.
തൂത്തുക്കുടിയിൽനിന്നുള്ള ലോഡുകൾ പുലർച്ചെതന്നെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലെത്തും. ഹൈറേഞ്ചിൽ വിറ്റഴിക്കപ്പെടുന്നത് തൂത്തുക്കുടി മത്സ്യമാണ്. അമോണിയം, ഫോർമലിൻ രാസപദാർഥങ്ങൾ ചേർത്ത മത്സ്യം കാഴ്ചക്ക് നല്ലതാണെങ്കിലും രുചി തീർത്തുമില്ല.
ഗുണനിലവാരമില്ലാത്ത പാലും കുപ്പിവെള്ളവും കുമളി, കന്പംമെട്ടുവഴി കടത്തുന്നുണ്ട്. രാസപദാർഥങ്ങൾ ചേർത്ത പാൽ പലതവണ ചെക്ക് പോസ്റ്റുകളിൽ പിടികൂടിയെങ്കിലും സ്ഥിരമായ പരിശോധനാ സംവിധാനം ഉണ്ടായിട്ടില്ല. തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കുപ്പിവെള്ളങ്ങളിൽ കോളിഫാം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം കുപ്പിവെള്ളം സുലഭമാണ്.