മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച അതിന്റെ ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് തോമസ് ഐസക് ഫേസ്ബുക്കില്‍ എഴുതിയത്.
‘സ്ത്രീവിവേചനത്തിനെതിരെയും തുല്യനീതിയ്ക്കു വേണ്ടിയും വലിയ പോരാട്ടങ്ങള്‍ നടക്കുന്ന കാലമാണിത്. ആ ഘട്ടത്തിലാണ്, സമൂഹത്തെ ഏറ്റവും സ്വാധീനിക്കുന്ന കലാരൂപമായ സിനിമയുടെ തലപ്പത്തിരിക്കുന്നവര്‍ ക്രൂരമായ സ്ത്രീവിരുദ്ധതയ്ക്ക് കുട പിടിക്കുന്നവരാണെന്ന ആരോപണമുയരുന്നത്. സിനിമാസ്വാദകരും താരങ്ങളുടെ ആരാധകരുമായ വലിയൊരു സമൂഹത്തിനു തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നത്.’ കുറിപ്പില്‍ പറയുന്നു.
ഗുരുതരമായ കുറ്റാരോപണത്തിന് വിധേയനായി നിയമവ്യവസ്ഥയുടെ പ്രതിക്കൂട്ടില്‍ നില്ക്കുന്ന ആളിന് താരസംഘടനയില്‍ നിന്നു ലഭിക്കുന്ന പിന്തുണയെ സമൂഹത്തിലെ മൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാവൂ എന്നും തോമസ് ഐസക് പറയുന്നു.
അമ്മയില്‍ നിന്നും രാജിവെച്ച നാലു നടിമാര്‍ക്കും ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിയില്‍ അവതരിപ്പിച്ച സ്കിറ്റിനെയും തോമസ് ഐസക് വിമര്‍ശിച്ചു. ‘സ്ത്രീശാക്തീകരണത്തെ പരിഹസിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ എങ്ങനെയാണ് ഒരു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുക? ചിന്താശേഷിയുള്ളവരും ഇതൊക്കെ കാണുന്നുണ്ടെന്ന വിചാരം ഇതിന്റെ സംഘാടകര്‍ക്ക് ഇല്ലാതെ പോകുന്നത് കഷ്ടമാണ്.’ അദ്ദേഹം പറയുന്നു.
ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന തുറന്നു പറഞ്ഞുകൊണ്ട് രാജിവെയ്ക്കാനിടയായ സാഹചര്യത്തില്‍ അമ്മ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി പേര് എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.്
വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കിലൂടെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഭാവന, രമ്യാ നമ്പീശന്, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അമ്മയില്‍ നിന്നും രാജിവെച്ചത്. രാജിവെച്ച നാലുപേര്‍ക്കും പിന്തുണയുമായി വി.എസ് അച്യുതാനന്ദനും രംഗത്തുവന്നിരുന്നു.