കുണ്ടറ: കുണ്ടറയിലും പരിസര പ്രദേശത്തുമായി ഒരു മാസത്തിനിടെ മൂന്നിടത്ത് മോഷ്ടാക്കളുടെ വിളയാട്ടം. രണ്ടിടത്ത് പൂട്ടുകൾ പൊളിച്ച് വിവിധ സ്ഥാപനങ്ങളിൽ മോഷണശ്രമം നടത്തി. ഒരിടത്ത് അലമാര കുത്തിത്തുറന്ന് 23000 രൂപ അപഹരിച്ചു. കുണ്ടറ കച്ചേരിമുക്കിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിലാണ് മോഷണം നടന്നത്.
കേരളപുരം കെഎസ്എഫ്ഇയുടെ ഗ്രില്ലിന്റെ പൂട്ടുകളാണ് ആദ്യം പൊളിച്ചത്. ഗ്രില്ലുകളുടെ പൂട്ടുകൾ പൊളിച്ചശേഷം അകത്തെ വാതിലിന്റെ പൂട്ടുകൾ പൊളിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുത്തുള്ള കച്ചവട സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർത്ത് അകത്ത് കടന്നെങ്കിലും ഒന്നുമെടുത്തില്ല. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
ഒരാഴ്ച മുന്പാണ് കുണ്ടറ പള്ളിമുക്കിലെ പോപ്പുലർ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ രണ്ട് ഗ്രില്ലുകളുടെ പൂട്ടുകൾ അറുത്തുമാറ്റി അകത്ത് കടന്നത്. അകത്തെത്തിയ മോഷ്ടാക്കൾ സാധന സാമഗ്രികൾ തകർത്തു. സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമം വിഫലമായി. അടുത്തുള്ള കച്ചവട സ്ഥാപനങ്ങളുടെയും ഒരു ഇൻഷുറൻസ് കന്പനിയുടെ ലോക്കൽ ഓഫീസിന്റെയും പൂട്ടുകൾ അറുത്തുമാറ്റി. ഒരിടത്ത് നിന്നും മോഷ്ടിക്കാനുള്ള വക കിട്ടിയില്ല.
ഒരാഴ്ച ഇടവേളയ്ക്കുശേഷമാണ് കുണ്ടറ മിനി സിവിൽ സ്റ്റേഷനിലെ മോഷണം. ഇവിടെപ്രവർത്തിച്ചുവരുന്ന വാണിജ്യ നികുതി ഓഫീസിലും കശുവണ്ടി തൊഴിലാളി ക്ഷേമനിധി ഓഫീസിലും മോഷണശ്രമം നടന്നു. ഈ ഓഫീസുകളിലെ പണമിടപാടുകളെല്ലാം ഓൺലൈനായതിനാൽ ഓഫീസുകളിൽ പണം സൂക്ഷിക്കാറില്ല.
സബ് രജിസ്ട്രാർ ഓഫീസിന്റെ ഗ്രില്ലുകളുടെയും അകത്തെ കതകിന്റെയും പൂട്ടുകൾ പൊളിച്ച നിലയിലായിരുന്നു. ഓഫീസിലെ അലമാരയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് 23000 രൂപ കവർന്നത്. മേശകളെല്ലാം തുറന്ന നിലയിലായിരുന്നു. കുണ്ടറ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുണ്ടറ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ദിവസവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധിപേർ വന്ന് തന്പടിക്കുന്നതായാണ് വിവരം. അയൽ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണവും ക്രമാതീതമാകുന്നുണ്ട്. പോലീസിന്റെ രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ഊർജിതപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.