ന്യൂഡൽഹി: മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യം നിർവഹിക്കാൻ പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു. മീററ്റ്-മുസാഫർനഗർ ദേശീയപാതയ്ക്കു സമീപത്തുനിന്നാണ് കത്തി കണ്ടെടുത്തത്.
മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽസയെ കൊലപ്പെടുത്തിയ ശേഷം മേജർ നിഖിൽ ഹണ്ട രക്ഷപെടുന്ന വഴിയാണ് കത്തി ഉപേക്ഷിച്ചത്. സ്ഥലത്തുനിന്നും കത്തിയ വസ്ത്രത്തിന്റെ ഭാഗങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയായ നിഖിൽ ഹണ്ടയുടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകളാണ് അധികവും. ഷൈൽസയുമായി നടത്തിയ ചാറ്റും അയച്ച സന്ദേശങ്ങളും ഹണ്ട മൊബൈൽ ഫോണിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്ക്കു അയച്ചു. കൊലപാതകത്തിനു ശേഷം ഷെൽസയുടെ മൊബൈൽ പ്രതി നശിപ്പിച്ചിരുന്നു. ഇതും ഫോറൻസിക് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.
മേജർ ദ്വിവേദി നാഗാലാൻഡിലെ ദിമാപൂരിൽ ജോലി ചെയ്യുമ്പോഴാണ് ഹണ്ട ഷൈൽസയുമായി പരിചയത്തിലാകുന്നത്. അമിത് ഡൽഹിയിലേക്കു സ്ഥലം മാറി പോന്നതിനു ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു.
ഇരുവരും ഫോണിൽ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു, സൗഹൃദത്തിനുപരിയായുള്ള ബ ന്ധത്തിൽ അമിത് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് ഷൈൽസയെ കാണാൻ നിഖിൽ ഡൽഹിയിലെത്തിയത്.
ഫിസിയോതെറാപ്പിക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയ ഷൈൽസ, ഹണ്ടയ്ക്കൊപ്പം കാറിൽക്കയറി പോകുന്നതിനു ദൃക്സാക്ഷികൾ ഉണ്ട്. ആ യാത്രയ്ക്കിടയിൽ, തന്നെ വിവാഹം കഴിക്കണമെന്നു ഹണ്ടആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും അതു നിരസിച്ചതിൽ പ്രകോപിതനായ ഹണ്ട കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. കഴുത്തിൽ മുറിവേൽപിച്ചതിനു ശേഷം ഷൈൽസയെ റോഡിലേക്കു തള്ളിയിട്ട് ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു.