സ്വന്തം ലേഖകൻ
തിരുവനന്തപുരം: താരസംഘടനയായ അമ്മ നിലപാട് തിരുത്തണമെന്ന് ചലച്ചിത്ര നടൻ തിലകന്റെ മകൾ ഡോ. സോണിയ. തിലകന്റെ കാര്യത്തിലും ദിലീപിന്റെ കാര്യത്തിലും അമ്മ കാട്ടിയത് പക്ഷാപാത നിലപാടായിരുന്നുവെന്ന് സോണിയ രാഷ്ട്രദീപികയോട് പറഞ്ഞു.
തിലകനെ സംഘടനയിൽ നിന്നും പുറത്താക്കുന്ന ഘട്ടമെത്തിയപ്പോൾ അച്ഛന് വേണ്ടി വിശദീകരണ കത്ത് സംഘടന ഭാരവാഹിയായ ഇടവേള ബാബുവിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ആ കത്തിൻമേൽ ചർച്ച നടത്തിയില്ല.
ദിലീപിന്റെ വിഷയത്തിൽ അദ്ദേഹത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ അമ്മ ഇപ്പോൾ ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് യോഗം ചേരാൻ പോകുകയാണ്. ജനപ്രതിനിധികളായ നടൻമാർ ഉൾപ്പെടെ ആത്മപരിശോധന നടത്തണമെന്നും സോണിയ പറഞ്ഞു. ദിലിപിനെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികൾ ഇപ്പോൾ പറയുന്നത്.
അങ്ങനെയാണെങ്കിൽ അമ്മ യോഗത്തിൽ ഉൗർമ്മിള ഉണ്ണി ദിലിപീനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് തീരുമാനമെടുത്തുവെന്നും സോണിയ ചോദിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് അറിഞ്ഞിരുന്നില്ലെ ദിലപീനെ പുറത്താക്കിയ കാര്യം എന്നും സോണിയ ചോദിക്കുന്നു. തന്റെ അച്ഛനോട് അമ്മ എന്ന സംഘടന നീതി കാട്ടിയില്ലെന്നും അതിൽ വിഷമമുണ്ടെന്നും സോണിയ പറഞ്ഞു.
തന്റെ അച്ഛനെ സംഘടനയിൽ നിന്നും പുറത്താക്കുകയും സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തപ്പോൾ ഫെഫ്ക ഭാരവാഹിയായ ഉണ്ണികൃഷ്ണൻ അതിനെ ന്യായികരിച്ച് രംഗത്ത് വന്നിരുന്നു.
എന്നാൽ ദിലിപിന്റെ വിഷയത്തിൽ ഫെഫ്കയുടെ നിലപാട് വ്യക്തമാക്കണമെന്നും സോണിയ പറഞ്ഞു. തന്റെ അച്ഛൻ വിശദീകരണ കത്ത് നൽകുയും അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ച് വരുത്തി അമ്മയിലെ ചില ആളുകൾ അപമാനിച്ചു വിടുകയായിരുന്നുവെന്നും സോണിയ വ്യക്തമാക്കി.
അച്ഛനെ പുറത്താക്കുന്ന അച്ചടക്ക സമിതിയിലെ അംഗമായിരുന്ന പലർക്കും അമ്മയുടെ നിലപാടിനോടുള്ള വിയോജിപ്പ് അന്ന് യോഗത്തിന് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ചില വ്യക്തികൾ വിയോജിപ്പു പ്രകടിപ്പിച്ചവരോട് യോഗത്തിൽ പങ്കെടുക്കാതെ മാറി നിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഈ അടുത്ത കാലത്ത് പലരും വെളിപ്പെടുത്തിയിരുന്നു.