നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടന് മോഹന്‍ലാലിന്റെ കോലം കത്തിച്ചതില്‍ എ.ഐ.വൈ.എഫ് നേതാവിന് വധഭീഷണി. ഇതുസംബന്ധിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്. സജിലാല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതിയും നല്കി.
വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് സെക്രട്ടറിയെന്ന പേരില്‍ ശിവന് എന്നൊരാള്‍ ഫോണിലേക്ക് വിളിച്ച് കോലം കത്തിച്ചത് എന്തിനാണെന്ന് ചോദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും സജിലാല്‍ പറഞ്ഞു. തന്നെ കത്തിച്ചുകളയുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതെന്നും സജിലാല്‍ പറഞ്ഞു.
ഉച്ചയോടെ എറണാകുളത്തുനിന്ന് മോഹന്‍ലാല്‍ ഫാന്‍സ് പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ വിളിച്ചയാള്‍ കോലം കത്തിച്ചതിന് വിവരമറിയുമെന്നും വീടുകയറി വെട്ടുമെന്ന് ഭീഷണിമുഴക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ കോലം കത്തിച്ചത്. കൊച്ചി ഫിലിം ചേംബര്‍ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിലാണ് മോഹന്‍ലാലിന്റെ കോലം കത്തിച്ചത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്ത നടപടി റദ്ദാക്കി ഭാരവാഹികള്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടിരുന്നു.