കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായിരിക്കുന്ന നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ താരസംഘടന അമ്മയില്‍ നിന്ന് രാജി വച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. നടിമാരുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും അമ്മയുടെ, പ്രത്യേകിച്ച് പ്രസിഡന്റ് മോഹന്‍ലാലിന്റെ മൗനത്തെയും നിസ്സംഗതയെയും വിമര്‍ശിച്ചും സാമൂഹിക, സാംസ്കാരിക രംഗത്തു നിന്ന് നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി.
പ്രസിഡന്റെന്ന നിലയില്‍ മോഹന്‍ലാല്‍ യാതൊരു വിധ പ്രതികരണത്തിനും തയാറാകാത്തത് നിരാശാ ജനകമാണെന്ന് പലരും വിലയിരുത്തുകയുമുണ്ടായി. എഐവൈഎഫ് പോലുള്ള സംഘടനകള്‍ മോഹന്‍ലാലിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് പോലും നടത്തി. ഈ സാഹചര്യത്തില്‍ അന്തരിച്ച നടന് തിലകന്റെ മകള്‍ സോണിയ, മോഹന്‍ലാലിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സോണിയയുടെ വാക്കുകള്‍ ഇങ്ങനെ…
അദ്ദേഹം മാത്രം വിചാരിച്ചാല്‍ അമ്മ പോലെയൊരു സംഘടനയില്‍ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കും അദ്ദേഹം മൗനം അവലംബിക്കുന്നത്. അച്ഛന്റെ പ്രശ്നം നടന്ന സമയത്ത് വോയിസ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിക്കാതെ ഇരുന്നതെന്ന് അച്ഛന് തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ പക്ഷെ അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം മൗനം വെടിയേണ്ടത് അത്യാവശ്യമാണ്.
അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍. സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് മോഹന്‍ലാലിനെയാണ്. ഈ പ്രശ്നങ്ങളൊക്കെ നടന്നതിന് ശേഷവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന് കോട്ടംതട്ടിയെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയുടെ ഷൂട്ടിങിന് ചെന്നപ്പോള്‍ അച്ഛനെ കണ്ടതും മോഹന്‍ലാല്‍ മുറിയില്‍ നിന്നുംപുറത്തിറങ്ങി വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടുണ്ട്.
ഇത് പറയുമ്പോള്‍ അവസാനകാലത്തും തിലകനെന്ന പരുക്കനായ വ്യക്തിയുടെ കണ്ണില്‍ വെള്ളം നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സഹോദരിയുടെ കല്യാണത്തിന് മോഹന്‍ലാലിന് വരാന്‍ സാധിക്കില്ല എന്നുപറഞ്ഞപ്പോഴും വിഷണ്ണനായി ഇരിക്കുന്ന അച്ഛനെയാണ് ഞാന്‍ കണ്ടത്. സ്വന്തം മക്കളിലൊരാള്‍ വിവാഹത്തിന് വന്നില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഇത്ര വിഷമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം അച്ഛന് പ്രിയങ്കരനായിരുന്നു മോഹന്‍ലാല്‍.