ചിങ്ങവനം: ചെളിക്കുളമായ ചിങ്ങവനം -പരുത്തുംപാറ റോഡിലൂടെ ഗതാഗതം അസാധ്യമായി. ചിങ്ങവനം ജംഗ്ഷനിൽ പരുത്തുംപാറ റോഡിലേക്കുള്ള തുടക്കം മുതൽ രണ്ട് കിലോമീറ്ററോളം ദൂരം പലയിടത്തും റോഡ് തകർന്ന് വൻ കുഴികളാണ്. മൂലംകുളം ബദേസ്ഥാ, സായിപ്പു കവല മുതൽ സദനം കവല എന്നിവിടങ്ങളിലെല്ലാം ടാറിംഗ് പൊളിഞ്ഞ് കുഴികൾ നിറഞ്ഞിരിക്കുകയാണ്.
മഴപെയ്താൽ എംസിറോഡിൽ ചിങ്ങവനം ചന്തക്കവലയിലും ചെളിവെള്ളം നിറയുന്നതോടെ കാൽനട യാത്രയും അസാധ്യമാകുകയാണ്. എംസിറോഡ് നവീകരണത്തിന്റെ ഭാഗമായി പരുത്തുംപാറ റോഡിലേക്ക് നിർമിച്ച ഓടയിലൂടെ വെള്ളം ഒഴുകാതെ വന്നതോടെ റോഡിലൂടെ കുത്തിയൊഴുകി എംസിറോഡിലേക്ക് വെള്ളം ഒഴുകുകയാണ്.
ഇതു മൂലം പരുത്തുംപാറ റോഡ് തകർന്ന് കാൽനട യാത്രക്കാരും, വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. സമീപ പ്രദേശങ്ങളിലെ എല്ലാ റോഡുകളും സഞ്ചാര യോഗ്യമാക്കിയെങ്കിലും രണ്ടു കിലോമീറ്റർ മാത്രമുള്ള ചിങ്ങവനം പരുത്തുംപാറ റോഡിനെ അവഗണിക്കുകയാമെന്നാണ് നാട്ടുകാരുടെ പരാതി.