അമരവിള: നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം പൈപ്പ് പൊട്ടി രൂപപ്പെട്ട ഗർത്തത്തിൽ വീണ ദന്പതികളും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. മാരായമുട്ടം മണലൂർ സ്വദേശികളായ ബിജുവും ഭാര്യ രമ്യയും നാലു വയസുകാരി മകൾ എയ്ഞ്ചലുമാണ് ഗർത്തത്തിലെ വെള്ളക്കെട്ടിൽ വീണ് അത്ഭുതകരമായി രക്ഷപെട്ടത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ കാളിപ്പാറ പൈപ്പ് പൊട്ടി വൻഗർത്തം രൂപപെട്ടത്.
റോഡിന്റെ ഒത്ത നടുക്കായി ഏഴ് അടിയോളം താഴ്ചയിൽ രൂപപെട്ട ഗർത്തത്തിലേക്ക് ബൈക്കിലെത്തിയ ബിജു അബദ്ധത്തിൽ കാൽവയ്ക്കുകയും ബൈക്കുമായി ഗർത്തത്തിലേക്ക് മറിയുകയുമായിരുന്നു.
പൈപ്പ് പൊട്ടി മിനിറ്റുകൾക്കിടയിലാണ് ബിജുവും കുടുബവും ആശുപത്രി ജംഗ്ഷനിൽ എത്തിയത്. റോഡിൽ മുഴുവൻ വെള്ളകെട്ടുണ്ടായിരുന്നതിനാൽ എവിടെയാണ് കുഴിയുള്ളതെന്ന വിവരവും കുടുംബം അറിഞ്ഞിരുന്നില്ല.
കുഞ്ഞുൾപ്പെടെ ദന്പതികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിലാണ് കുടുംബം രക്ഷപെട്ടത്.
ബിജുവും കുഞ്ഞും പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ് നാട്ടുകാർ പുറത്തെടുത്തത്. ഉടനെ ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിയിലേക്കുള്ള വീഴ്ചയിൽ ബിജുവിന് നടുവിന് സാരമായ പരിക്കുണ്ട്.
ബിജുവിന്റെ ഭാര്യ രമ്യക്കും മകൾ എയ്ഞ്ചലിനും അപകടത്തിൽപെട്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല. ഇരുവരും ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുത്തിയൊലിച്ച വെള്ള ആശുപത്രി ജംഗ്ഷനെ മുഴുവൻ വെള്ളകെട്ടിലാക്കി.
പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് മൂന്നടിയോളം പൊങ്ങിയ അവസ്ഥയിലാണ്. ടാറിന്റെ ചിലഭാഗങ്ങൾ വെള്ളം കുത്തിയൊലിച്ച് തകർന്നിട്ടുമുണ്ട്. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അപായ സൂചന നൽകിയ ശേഷം ഒരുവശത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
കാട്ടക്കട നെയ്യാറ്റിൻകര റോഡിൽ സ്ഥിരമായി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾക്കെതിരെ ചിലർ സംഭവ സ്ഥലത്ത് പ്രതിഷേധവുമായി എത്തുകയും ചെയ്തു.