എടക്കര: കൃഷിയിലും സേവന രംഗത്തും നിരവധി മാതൃകകൾ സൃഷ്ടിക്കുകയും ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടുകയും ചെയ്ത മൂത്തേടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ ബ്രാൻഡഡ് വെളിച്ചെണ്ണയുമായി രംഗത്ത്.മായമില്ലാത്ത വെളിച്ചെണ്ണ വിപണിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘തനിമ’ എന്ന ബ്രാൻഡിൽ വിദ്യാർഥികൾ വെളിച്ചെണ്ണ ഇറക്കിയത്.
വിദ്യാർഥികൾ തന്നെ തേങ്ങ സംഭരിച്ചു സ്കൂളിൽ വച്ച് തന്നെ കൊപ്രയാക്കി മാറ്റുകയായിരുന്നു. വെളിച്ചെണ്ണ ഉത്പാദനത്തിന്റെ മുഴുവൻ പ്രക്രിയകളും വിദ്യാർഥികൾ തന്നെ നിർവഹിച്ചു. 500 ലിറ്റർ വെളിച്ചെണ്ണ തനിമ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ വിദ്യാർഥികൾ തയാറായിക്കഴിഞ്ഞു.
ഇപ്പോൾ വിപണിയിലിറക്കിയ വെളിച്ചെണ്ണയുടെ ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാം കൈകാര്യം ചെയ്യുന്നത് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ തന്നെയാണ്.
തനിമ വെളിച്ചെണ്ണയുടെ വരവ് ആഘോഷമാക്കാനുള്ള ആവേശത്തിലാണ് നാട്ടുകാരും വിദ്യാർഥികളും. ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ബഷീർ കോട്ടയിൽ നിർവഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സൈറാബാനു, പിടിഎ അംഗങ്ങളായ വലിയാട്ടിൽ മുസ്തഫ, ജൂബി, ആസാദ്, അധ്യാപകരായ ഗഫൂർ കല്ലറ, സുനിൽ കാരാക്കോട്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് റസാഖ്, വോളണ്ടിയർമാരായ ജുനൈസ്, ഹരികൃഷ്ണദാസ്, അഭയ്, സനൽ, ആതിര, സോളി, അസ്ന എന്നിവർ നേതൃത്വം നൽകി.