തിരുവില്വാമല: കാർന്നു തിന്നുന്ന കാൻസറിന്റെ വേദനയേക്കാൾ കഠിനമാണ് തിരുവില്വാമല മലവട്ടത്തെ കുഞ്ഞിലക്ഷ്മിക്കും കുടുംബത്തിനും അധികൃതരുടെ അവഗണന. തകർന്നുവീഴാൻ കാത്തുനിൽക്കുന്ന വീടിനു പകരം പുതിയൊരു ചെറിയ വീടിനായി അധികൃതരുടെ കനിവിനായി ഈ കുടുംബം കയറിയിറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല, കാണാത്ത അധികൃതരില്ല.
കാറ്റും മഴയുമൊന്ന് കനത്താൽ അപ്പോൾ നിലംപൊത്താവുന്ന അവസ്ഥയിലാണ് പാതി തകർന്ന് ചിതലരിച്ച ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ മേൽക്കൂര. രോഗത്തിന്റെ ദാരിദ്യ്രത്തിന്റെയും പിടിയിലമർന്ന് മൂന്നു ജീവിതങ്ങളാണ് വീടെന്നു പോലും വിളിക്കാൻ കഴിയാത്ത ഈ മേൽക്കൂരയ്ക്കു കീഴിൽ പേടിയോടെ കഴിയുന്നത്.
ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം വില്വമലയുടെ താഴ്വാരത്തെ ഈ വീട്ടിലാണ് ചെമ്മങ്ങാട്ടിൽ പരേതനായ രാജശേഖരന്റെ ഭാര്യ കുഞ്ഞിലക്ഷ്മിയും മകൻ അനൂപും കാൻസർ രോഗിയായ ഭാര്യ ബേബിയും താമസിക്കുത്. വർഷങ്ങളായി ഈ കൂരയിലാണ് ഇവർ കഴിയുന്നത്. കുടലിൽ കാൻസർ രോഗം ബാധിച്ച് ബേബി ഏറെ നാളായി ചികിത്സയിലാണ്. പുറന്പോക്കിൽ തട്ടുകട നടത്തിയാണ് ഇവർ കഴിയുന്നത്.
ഭാര്യയുടെ ചികിത്സക്കായി ഇടയ്ക്കിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകേണ്ടതിനാൽ പലപ്പോഴും കട തുറക്കാൻ കഴിയുന്നില്ല. ലൈഫ് പദ്ധതിയിൽ പോലും ഇടമില്ലാതെ പോയവരാണിവർ. അപേക്ഷ എഴുതി അധികാരികളുടെ പിറകെ പോയി മടുത്തുവെന്ന് ഇവർ പറയുന്നു. ഇപ്പോൾ നാട്ടുകാരിൽ ചിലർ ഇടപെട്ട് ജില്ലാ കളക്ടർക്കും പ്രധാനമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രതിനിധാനം ചെയ്യുന്ന 14-ാം വാർഡിലെ നാലു സെൻറ് സ്ഥലത്താണ് ഇവരുടെ വീട്.
ഇവരുടെ ദുരവസ്ഥ നേരിൽ കണ്ട് മനസിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത ഘട്ടത്തിൽതന്നെ ഇവർക്ക് വീട് നിർമിച്ചു നൽകാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു സുരേഷ് പറയുന്നുണ്ട്.
ഇത്തരം വാഗ്ദാനങ്ങൾ പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇവർക്ക് അനുകൂലമായി യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. മഴ കനക്കുന്പോൾ കാറ്റ് ശക്തമായി വീശുന്പോൾ ഇവർ മൂവരും പേടിയോടെ പ്രാർത്ഥിക്കുകയാണ്….വീട് തകർന്നുവീഴല്ലേയെന്ന്…ഒന്നും സംഭവിക്കല്ലേയെന്ന്….