കൊട്ടാരക്കര: സ്വകാര്യബസുകളുടെ അമിതവേഗവും അശ്രദ്ധയും മത്സര ഓട്ടവും പൊതു ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ബസുകളിലെ യാത്രക്കാരും നിരത്തുകളിലെ കാൽനട യാത്രക്കാരും ഒരു പോലെ ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും പോലീസും നടപടികൾ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം കൊട്ടാരക്കര ടൗണിൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിനു മുൻവശത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ 11 പേർക്കാണ് പരിക്കേറ്റത്.
എപ്പോഴും പോലീസിന്റെ സാന്നിധ്യം ഉള്ളടത്താണ് നിയമപരമല്ലാത്ത രീതിയിൽ വാഹനം ഓടിച്ചിരുന്നത്.മിക്ക സ്വകാര്യ ബസുകളും ടൗണിൽ പോലും നിയമങ്ങൾ പാലിക്കാറില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൊട്ടാരക്കര ഭരണിക്കാവ് റൂട്ടിലും, കൊട്ടാരക്കര ഓയൂർ റോഡിലുമാണ് പ്രധാനമായും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.
ഓരോ അഞ്ച് മിനിട്ട് ഇടവിട്ടും ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. ഇവർ തമ്മിലുള്ള മത്സരങ്ങളും സംഘർഷങ്ങളും പതിവാണ്. ഈ രണ്ടു റൂട്ടുകളിലും ഇപ്പോൾ വേണാട് ബസുകൾ വിജയകരമായി സർവീസ് നടത്തി വരുന്നുണ്ട്.
പരസ്പരം മത്സരിച്ചിരുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ കെഎസ്ആർടിസി ബസുകളോടും മത്സരിച്ചുവരുന്നു. വേണാട് സർവീസുകളെ തകർക്കാൻ സ്വകാര്യ ബസ് ലോബികൾ ആദ്യ ഘട്ടത്തിൽ ശക്തമായി രംഗത്തുണ്ടായിരുന്നു.
വേണാട് സർവീസുകൾ ആരംഭിക്കാതിരിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടായിരുന്നു ആദ്യ നീക്കം. സർവീസുകൾ ആരംഭിച്ചുകഴിഞ്ഞപ്പോൾ സംഘർഷങ്ങൾ ഉണ്ടാക്കിയും ടയറുകൾക്ക് അള്ള് വച്ചും സർവീസുകൾ മുടക്കാൻ ശ്രമം ഉണ്ടായി.
പൊതു ജനങ്ങളുടെ പിന്തുണ വേണാട് സർവീസുകൾ അനുകൂലമാണെന്ന് മനസിലാക്കിയതോടെയാണ് ഇതിൽ നിന്നും പിൻതിരിഞ്ഞത്. ഇപ്പോൾ വേണാട് ബസുകൾക്ക് മുന്നിലായി മത്സരിച്ച് ഓടി വിജയിക്കാനാണ് നീക്കം. ഇതിനായി വേണാട് ബസ് പുറപ്പെടുന്നതിന് മുന്പ് സ്വകാര്യ ബസുകൾ പുറപ്പെട്ട് യാത്രക്കാരെ വലിച്ചു കയറ്റും. ഇറങ്ങാനും കയറാനും സാവകാശം അനുവദിക്കില്ല. ഇങ്ങനെയും നിരവധി അപകടങ്ങൾ സംഭവിച്ചു വരുന്നുണ്ട്.
മതിയായ പരിശീലനം ഇല്ലാത്തവരും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ വരെ സ്വകാര്യ ബസുകളിൽ ഡ്രൈവർമാരായിട്ടുണ്ട്. ദിവസ ശന്പളത്തിന് ഓടുന്നവരാണ് ഇവരിൽ അധികവും.
വേഗത്തിൽ ഓടിക്കാനും കളക്ഷൻ കൂട്ടാനും അറിയുന്നവരെയാണ് ഉടമകൾക്ക് താല്പര്യം. ഇവരുടെ ഡ്രൈവിംഗ് പരിചയം ഒന്നും ഉടമകൾക്ക് പ്രശ്നമല്ല. ഓട്ടോറിക്ഷകൾ ഓടിച്ചുകൊണ്ടിരുന്നവർ പോലും അടുത്ത ദിവസം ബസ് ഡ്രൈവർമാരായി മാറുന്ന കാഴ്ചയാണ്.
ബസ് സ്റ്റാൻഡിൽ കൊണ്ടിട്ട ശേഷം മദ്യപിക്കാൻ പോകുന്ന ഡ്രൈവർമാരും വിരളമല്ല. കൊട്ടാരക്കര ഓയൂർ, കൊട്ടാരക്കര-ഭരണിക്കാവ് റൂട്ടുകളിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ ഒട്ടനവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്. മത്സര ഓട്ടങ്ങളും അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടേയും കാരണം.