മുക്കം: ഡാറ്റാ ബേസിൽനിന്ന് തെറ്റായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ പുന:സ്ഥാപിക്കുന്നു. ഡിബിടി സംവിധാനത്തിൽ വിതരണം ചെയ്തു വരുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമാക്കുന്നതിനും അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനും ഇത് സംബന്ധിച്ച നടപടികൾ കർശനമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ ധാരാളം ഗുണഭോക്താക്കളെ പ്രാദേശിക സർക്കാരുകൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
തെറ്റായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പെൻഷൻ ഉടൻ തന്നെ പുനസ്ഥാപിച്ചു നൽകണമെന്ന് കർശനനിർദേശം പ്രാദേശിക സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ വ്യക്തമായ കാരണത്താൽ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പെൻഷൻ പുനസ്ഥാപിക്കേണ്ടതില്ല. രണ്ട് പെൻഷൻ വാങ്ങിക്കുന്നവരുടെ കാര്യത്തിൽ അധികമായി വാങ്ങിയ തുക തിരിച്ചടച്ചതിന് ശേഷം വ്യക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുന:സ്ഥാപിച്ചു നൽകാൻ പാടുള്ളൂ.
അർഹതയില്ലാത്തവർക്കും അധികമായി വാങ്ങിയ തുക തിരിച്ചടക്കാത്തവർക്കും പെൻഷൻ പുന:സ്ഥാപിച്ചു നൽകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പുനഃസ്ഥാപിച്ചു നൽകിയാൽ സർക്കാറിനുണ്ടാകുന്ന നഷ്ടത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും.
ഇത്തരത്തിൽ പുന:സ്ഥാപിക്കുന്ന പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ അതാത് പ്രാദേശിക സർക്കാരുകൾ പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിടി സെല്ലിൽ നൽകണമെന്നും തെറ്റുകൾ ഇല്ലാത്ത രീതിയിൽ നടപടികൾ പൂർത്തീകരിക്കണമെന്നും സർക്കാർ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.