മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ് ) ഘടിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. ഒരു മാസത്തോളം സമയമെടുത്താണ് പ്രവൃത്തി പൂർത്തീകരിച്ചത്.
സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയായിരുന്നു ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും പൂർണമായും സുരക്ഷിതമാക്കാനുള്ള അത്യാധുനിക ഉപകരണ സംവിധാനമാണ് ഐഎൽഎസ്. മഞ്ഞും മഴയുമുള്ളപ്പോഴും മറ്റും പൈലറ്റിനു റൺവേ കൃത്യമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
ഇതു അപകടങ്ങൾക്ക് കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ വിമാനമിറക്കുന്നതിനാണ് ഐഎൽഎസ് സംവിധാനം ഒരുക്കിയത്. റൺവേയിൽ ഐഎൽഎസ് സംവിധാനം ഘടിപ്പിച്ചു കഴിഞ്ഞതിനാൽ കാലിബ്രേഷൻ ഫ്ളൈറ്റ് പരീക്ഷണ പറക്കൽ നടത്തണം.
വിമാനത്തിന്റെ കോക്പിറ്റിലും റൺവേയിലുമുള്ള ഐ എൽഎസ് ഉപകരണങ്ങളുടെ പ്രവർത്തനവും ഏകോപനവും പരിക്ഷിക്കുന്നതിനാണിത്. ഐഎൽ എസ് ഘടിപ്പിക്കുന്നതിനു മാസങ്ങൾക്ക് മുമ്പേ സാമഗ്രികൾ പദ്ധതി പ്രദേശത്തു എത്തിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസമാണ് പ്രവൃത്തി ആരംഭിച്ചത്.