ന്യൂഡൽഹി: ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസർക്കാർ നീട്ടി. അടുത്ത വർഷം മാർച്ച് വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.
ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് സമയപരിധി നീട്ടിനൽകിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രസർക്കാർ ബന്ധിപ്പിക്കൽ കാലാവധി നീട്ടിനൽകുന്നത്.
നികുതിദാതാക്കൾ ആദായനികുതി ഫയൽ ചെയ്യുന്നതിനൊപ്പം ആധാർ നന്പർകൂടി ചേർക്കണമെന്ന് കൂട്ടിച്ചേർത്തു കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ആദായനികുതി നിയമം ഭേദഗതി ചെയ്തിരുന്നു. എല്ലാവരും പാൻ കാർഡ് എടുക്കണമെന്നും നിയമമുണ്ടാക്കി. പാൻ കാർഡ് ഉള്ളവർ ഇത് ആധാറുമായി ബന്ധിപ്പിക്കണമെന്നും നിർദേശിച്ചു.
ആധാർ നിയമവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാരത്താൽ ആധാർ ബന്ധിപ്പിക്കലിനു പരിധി നിശ്ചയിക്കരുതെന്ന വാദത്തെ സുപ്രീം കോടതി പിന്താങ്ങിയിരുന്നു. മേയിൽ ആധാർ കേസുകളിൽ വാദം അവസാനിച്ചെങ്കിലും വിധി പുറപ്പെടുവിച്ചിട്ടില്ല.