ദീർഘദൂരമോടുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി സ്ഥിരമായി ഏതെങ്കിലും ഹോട്ടലിൽ നിർത്തുക പതിവു കാഴ്ചയാണ്.
ഒരു ബസ് നിറയെ ഉപഭോക്താക്കളെ എത്തിക്കുന്നതിനാൽ കണ്ടക്ടർക്കും ഡ്രൈവർക്കും ഈ ഹോട്ടലുകൾ കൈമടക്കും ഫ്രീ സ്പെഷൽ ഭക്ഷണവും നൽകുന്നതും പുതുമയല്ല.
എന്നാൽ ഡ്രൈവറെയും കണ്ടക്ടറെയും സത്കരിക്കുന്ന ഹോട്ടലുകൾക്കു മുന്നിൽ മാത്രം ബസ് നിർത്തി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കുന്ന ആ പരിപാടി ഇനി നടക്കില്ല. പറയുന്നത് വേറെയാരുമല്ല, കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി തന്നെയാണ്.
നിലവാരമുള്ള ഭക്ഷണം യാത്രക്കാർക്ക് ഉറപ്പാക്കുന്ന ഹോട്ടലുകളുമായി ധാരണയുണ്ടാക്കുമെന്നു തച്ചങ്കരി പ്രഖ്യാപിച്ചു. ദീർഘദൂര യാത്രകളിൽ ഒറ്റപ്പെട്ട ഹോട്ടലുകൾക്കു മുന്നിൽ ബസ് നിർത്തുകയും യാത്രക്കാർ ഇവിടെ മാത്രം കയറി കിട്ടുന്ന ഭക്ഷണം കൊള്ളവില നൽകി കഴിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന രീതി ഉടൻ അവസാനിക്കും.
പാർക്കിംഗ്, ടോയ്ലറ്റ് സൗകര്യത്തോടെ മിതമായ നിരക്കിലും മെച്ചപ്പെട്ട അളവിലും യാത്രക്കാർക്കു ഭക്ഷണം നൽകാൻ തയാറാകുന്ന ഹോട്ടലുകളുമായാണു കരാറുണ്ടാക്കുക. യാത്രക്കാർക്കു പരാതിയുണ്ടായാൽ കരാർ റദ്ദാക്കും. നിലവിൽ ചില ഹോട്ടലുകാരും ചില ബസുകാരും തമ്മിൽ ഭക്ഷണ കാര്യത്തിൽ കാലങ്ങളായി ധാരണയുണ്ട്.
ഡ്രൈവർക്കും കണ്ടക്ടർക്കും സ്പെഷൽ ഭക്ഷണം ഫ്രീ, പത്തിൽ കൂടുതൽ യാത്രക്കാരെ കഴിപ്പിക്കാൻ കയറ്റിയാൽ എണ്ണമനുസരിച്ചു കൈമടക്ക് തുടങ്ങി പല ധാരണകളിലാണു പലേടങ്ങളിലും സർവീസ്. പ്രത്യേകിച്ചും നൈറ്റ് സർവീസിൽ.