കസാൻ: റഷ്യൻ ലോകകപ്പിലെ മികച്ച യുവതാരമാണു താനെന്നു തെളിയിച്ചിരിക്കുകയാണ് ഫ്രാൻസിന്റെ കെയ്ലിയൻ എംബാപ്പെയെന്ന പത്തൊന്പതുകാരൻ. പ്രീക്വാർട്ടറിൽ എംബാപ്പെയുടെ അദ്ഭുതപ്രകടനത്തെ ഫുട്ബോൾ ലോകം മുഴുവൻ വാഴ്ത്തുകയാണ്. വേഗം കൊണ്ട് അർജന്റൈൻ പ്രതിരോധത്തെ എപ്പോഴും തകർത്തു തരിപ്പണമാക്കുന്നതായിരുന്നു എംബാപ്പെയുടെ പ്രകടനം.
ഫ്രാൻസിന് ആദ്യ ഗോൾ നൽകുന്നിതിന് ഇടയാക്കിയ എംബാപ്പെയുടെ മുന്നേറ്റത്തെ 1998 ലോകകപ്പിൽ ഇംഗ്ലണ്ടിനായി മൈക്കിൾ ഓവൻ അർജന്റീനയ്ക്കെതിരേ നേടിയ സോളോ ഗോളിനോടാണ് ഉപമിച്ചിരിക്കുന്നത്. ഓവൻ നേടിയ പോലൊരു സോളോ ഗോൾ എംബാപ്പെ 13-ാം മിനിറ്റിൽ നേടുമെന്നു തോന്നിയ അവസരത്തിലാണ് മാർകോസ് റോഹോ ഫൗൾ ചെയ്തതും ഫ്രാൻസിനു പെനാൽറ്റി ലഭിച്ചതും.
രണ്ടാം പകുതിയിൽ നാലു മിനിറ്റിന്റെ ഇടവേളയിൽ എംബാപ്പെ നേടിയ ഗോളുകൾക്ക് പ്രത്യേകതയുണ്ടായിരുന്നു. ആദ്യ ഗോൾ ഇടംകാൽ കൊണ്ടും രണ്ടാം ഗോൾ വലംകാൽകൊണ്ടും. എംബപ്പെയുടെ രണ്ടാം ഗോൾ പിറന്നത് വെറും 13 സെക്കൻഡിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് രണ്ടു സെക്കൻഡുകൊണ്ട് പന്ത് എൻഗോളെ കാന്റെയ്ക്കു നൽകി.
കാന്റെയിൽനിന്ന് ആൻത്വാൻ ഗ്രീസ്മാനിലേക്ക് നാലു സെക്കൻഡുകൊണ്ട് പന്തെത്തി. ഗ്രീസ്മാൻ ബ്ലെയ്സ് മറ്റൗഡിക്കു പന്തുകൊടുക്കാൻ എടുത്തത് ഒരു സെക്കൻഡ്. മറ്റൗഡിയിൽനിന്ന് ഒലിവർ ഗിരുവിന് രണ്ടു സെക്കൻഡിൽ പന്തെത്തിച്ചേർന്നു. ഗിരുവിൽനിന്ന് എംബാപ്പെയ്ക്ക് മൂന്നു സെക്കൻഡിൽ പന്തെത്തി. 16.64 വാരയിൽനിന്ന് എംബാപ്പെയ്ക്കു പന്ത് വലയിലെത്തിക്കാൻ വേണ്ടിവന്നത് വെറും ഒരു സെക്കൻഡും.
1998ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടിയ വർഷമാണ് എംബാപ്പെ ജനിച്ചത്. ഞാൻ ഇപ്പോഴും കുട്ടിയാണ് ഫ്രാൻസ് കിരീടം നേടിയ അതേ വർഷമാണ് ഞാൻ ജനിച്ചത്. ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് എംബാപ്പെ പറഞ്ഞു.
ലോകത്തെ ഏറ്റവും വിലയേറിയ കൗമാര ഫുട്ബോൾ താരമായ എംബാപ്പെ ദയാലുവാണ്. 16.2 കോടി പൗണ്ടിനാണ് (14,65 കോടി രൂപ) എംബാപ്പെയെ മോണക്കോയിൽനിന്ന് പാരി സാൻ ഷെർമയിൻ വായ്പ വ്യവസ്ഥയിൽ സ്വന്തമാക്കിയിരിക്കുന്നത്. എംബാപ്പെയുടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലെയും മാച്ച് ഫീയായ 17,000 പൗണ്ട് ഒപ്പം ബോണസും ശാരീരികന്യൂനതയുള്ള കുട്ടികളുടെ കായികവികസനത്തിനായി സംഭാവന നല്കുകയാണ്.