മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാമെന്നു പറഞ്ഞ് ഇറ്റാലിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ജൂണ്‍ 14 ന് മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസിൽ വച്ചാണ് വിദേശ വനിത, ഗൈഡിനെ പരിചയപ്പെട്ടത്. ടൂറിസ്റ്റ് ഗൈഡാണെന്ന് പരിചയപ്പെടുത്തിയശേഷം സ്ത്രീ ഇയാളുടെ സേവനം തേടുകയായിരുന്നു.
ബസിൽ യാത്ര അവസാനിച്ചതിനുശേഷം അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാമെന്നും, അവിടെ നിന്ന് താമസിക്കുന്ന ഹോട്ടലിൽ കൊണ്ടുചെന്നാക്കാമെന്നുമായിരുന്നു ഗൈഡ് യുവതിയോട് പറഞ്ഞത്. ബംഗ്ലാവിലേക്ക് പോകുന്നതിനായി കാർ ബുക്ക് ചെയ്യുകയും ഇടക്കുവെച്ച് മദ്യം വാങ്ങി തന്നെക്കൊണ്ട് കുടിപ്പിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ബലം പ്രയോഗിച്ച് കാറിൽ കയറ്റി ബലാത്സംഗം ചെയ്തതെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഇറ്റാലിയൻ എംബസിയുമായി യുവതി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശ പ്രകാരം പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ടൂറിസ്റ്റ് ഗൈഡ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.