കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. നിപ്പാ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ സേവനം നടത്തിയവരെ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന പരിപാടിയും ഡോക്ടേഴ്സ് ദിനാചരണവും ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
നിപ്പായെ ചെറുത്തുതോൽപ്പിക്കാൻ ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. നിപ്പായെ നേരിട്ടതിൽ ലോകം കേരളത്തെ കണ്ട് പഠിക്കുകയാണ്. സംസ്ഥാനം മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിൽക്കുന്പോൾ അതിനെ മറികടന്ന് രോഗത്തെ നിയന്ത്രിക്കാൻ കേരളത്തിനായെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ ശക്തിയാണ് നിപ്പായെ പ്രതിരോധിച്ചതിൽ നിന്ന് വ്യക്തമാകുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.