കോട്ടയം: കോട്ടയത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ഇനി എന്നാണ് ചിറകു മുളയയ്ക്കുക. ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള കോട്ടയം നാഗന്പടം നെഹ്റു സ്റ്റേഡിയം ഒന്നൊന്നായി തകർന്നു കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം പുനരുദ്ധാരണത്തിന് നഗരസഭ ചെറുവിരൽ പോലും അനക്കുന്നില്ല. കോട്ടയത്തെ എംപിയും എം എൽഎയുമൊന്നും സ്റ്റേഡിയം വിഷയത്തിൽ നയാ പൈസാ നല്കാനും തയാറാകുന്നില്ല.
മഴക്കാലമായപ്പോൾ സ്റ്റേഡിയത്തിൽ നിറയുന്ന വെള്ളം ഒഴുകി പോകാനിടമില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഒന്നുകിൽ നീന്തൽ പഠിക്കാം അല്ലെങ്കിൽ വെള്ളത്തിൽ പന്തുകളിക്കാം. നിരവധി സംസ്ഥാന മത്സരങ്ങൾക്ക് വേദിയാകുകയും നിരവധി കായികതാരങ്ങൾക്ക് ജൻമംനൽകുകയും ചെയ്ത നാഗന്പടം നെഹ്്റു സ്റ്റേഡിയത്തിന്റെ അവസ്ഥയാണിത്.
കഴിഞ്ഞ മൂന്നാഴ്ചയായി സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. മഴ ഇടയ്ക്ക് ശക്തമാകുന്പോൾ ചുറ്റുവട്ടത്തെ കടകളിലേക്കും വെള്ളം ഇരച്ചു കയറും. സ്റ്റേഡിയം വെള്ളത്തിലായതോടെ കായികതാരങ്ങളുടെ പരിശീലനത്തിനും നഗരവാസികളുടെ പ്രഭാത,സായാഹ്ന സവാരിക്കും ഉപയോഗിക്കുന്ന സ്റ്റേഡിയത്തിന്റെ ദുരവസ്ഥയിലേക്ക് കണ്ണുതുറക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.
സ്റ്റേഡിയത്തിനുള്ളിൽ സ്വഭാവികമായി കയറുന്ന വെള്ളം ഒഴുകി പോകാൻ മാർഗമില്ല. പുറത്തേക്ക് വെള്ളം പോകാനായി കീറിയിരിക്കുന്ന ചാലുകളെല്ലാം അടഞ്ഞിരിക്കുകയാണ്. യഥാസമയം വൃത്തിയാക്കാത്തതും ചാലുകൾ വെട്ടിത്തെളിക്കാത്തതുമാണ് വെള്ളം ഒഴുകിപ്പോകാൻ തടസം.
മഴ ശക്തമായാൽ സ്റ്റേഡിയത്തിനു പുറത്തും വെള്ളം നിറയും. ഇവിടെയുള്ള ചെറിയ കടകളുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. പല കടകളിലും സാധനങ്ങൾ വെള്ളം കയറി നശിച്ചു. കടയുടെ മുൻഭാഗം ചെളി നിറഞ്ഞ് ആർക്കും വരാൻ പറ്റാത്ത അവസ്ഥയിലാണ്. സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞതോടെ പതിവു സവാരിക്കാരുടെ നടപ്പ് നിലച്ചിരിക്കുകയാണ്. അതേ പോലെ കായിക താരങ്ങളുടെ പരിശീലനവും നിലച്ചു.
സ്റ്റേഡിയത്തിനുള്ളിലെ ഗാലറിയിലാണ് പലരും ദിവസേനയുള്ള പരിശീലനം നടത്തുന്നത്. സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കാൻ നഗരസഭ വർഷങ്ങൾക്കു മുന്പ് പദ്ധതിയിട്ടിരുന്നുവെങ്കിലും നടപടികൾ മുന്നോട്ടു നീങ്ങിയില്ല. പവലിയൻ, സിന്തറ്റിക് ട്രാക് തുടങ്ങി ആധുനികമായ എല്ലാ സാഹചര്യങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കാനായിരുന്നു തീരുമാനം.
മഴ പെയ്താൽ ചെളിക്കുളമാകുന്ന സ്റ്റേഡിയം ഉയർത്തി നിർമിക്കാനും ഇതിനായി കായിക മന്ത്രാലയത്തിന്റെ അനുമതി തേടാനുമായിരുന്നു നഗരസഭയുടെ പദ്ധതി. പത്തര ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്റ്റേഡിയം പരിപാലിക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തുന്നതായി കായിക താരങ്ങൾ ആരോപിക്കുന്നു.