അന്പലപ്പുഴ: ഗ്രന്ഥശാലാ കെട്ടിടനിർമാണത്തിൽ അഴിമതിയാരോപണവുമായി മന്ത്രി ജി.സുധാകരൻ. അന്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലക്ക് തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപാ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഈ ആരോപണമുന്നയിച്ചത്. കെട്ടിടത്തിന്റെ നിർമാണത്തിൽ കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും കരാറുകാരൻ അടിച്ചെടുത്തുവെന്ന് മന്ത്രി ആരോപിച്ചു.
ഗവണ്മെന്റുമായി കരാറുണ്ടാക്കിയ ആളല്ല കെട്ടിടം നിർമിച്ചിരിക്കുന്നത്. കരാറുകാരൻ മറിച്ചുവിൽക്കുകയായിരുന്നു. ഇങ്ങനെ മറിച്ചുവിൽക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇങ്ങനെ മറിച്ചുവിറ്റയാൾക്ക് കരാറുകാരനായി തുടരാൻ അവകാശമില്ല. ഇയാളുടെ കരാർ റദ്ദാക്കാൻ നടപടിയെടുക്കും.ഇയാൾ ചെയ്യുന്ന റോഡെല്ലാം പൊളിയുകയാണ്. ഇത്രയും ഭംഗിയില്ലാത്ത ഒരു കെട്ടിടം താൻ കണ്ടിട്ടില്ല. നല്ല രീതിയിലുള്ള ക്രമക്കേടാണ് ഇതിന്റെ നിർമാണത്തിൽ നടന്നത്.
ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ ഇതിന് മറുപടി പറയണം. പരിപാടിയിൽ ഓവർസീയർ റിപ്പോർട്ട് വായിച്ചത് ശുദ്ധ തോന്ന്യാസമാണ്. കെട്ടിട നിർമാണത്തെക്കുറിച്ച് തന്നോടാരും പറഞ്ഞിട്ടില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, അംഗം ആർ.ശ്രീകുമാർ , ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, കേരള ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി മാലൂർ ശ്രീധരൻ, താലൂക്ക് സെക്രട്ടറി സി.കെ.രതികുമാർ ,ഗ്രന്ഥശാലാ പ്രസിഡന്റ് എം.നാജ, സെക്രട്ടറി എൻ.എസ്.ഗോപാലകൃഷ്ണൻ, എ. ഓമനക്കുട്ടൻ, സി.രാധാകൃഷ്ണൻ ,എന്നിവർ പ്രസംഗിച്ചു.