പത്തനാപുരം: പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് മുള്ളൂര്‍നിരപ്പ് നബീല്‍ മന്‍സിലില്‍ ഷൗക്കത്തിന്റെ മകന് നജീബി(40)നെയാണ് എസ് എഫ് സി കെയുടെ മുള്ളൂര്‍നിരപ്പ് അഞ്ചുമുക്ക് ഭാഗത്തെ തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി മാങ്കോട് മുള്ളൂര്‍നിരപ്പ് റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പത്തനാപുരം പോലീസ് റോഡരുകില്‍ നില്‍ക്കുകയായിരുന്ന നജീബിനെ വിളിച്ച് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസര്‍ വഴി ഊതിച്ചു.
പോകാന്‍ പറഞ്ഞെങ്കിലും സംശയം തോന്നിയതിനെ തുടര്‍ന്ന് വീണ്ടും നജീബിനെ വിളിക്കാൻ പോലീസുകാരിൽ ആരോ പറഞ്ഞു. ഇതുകേട്ട് നജീബ് ഭയന്നോടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം നജീബിനെ പിന്തുടർന്നില്ലെന്നും നേരത്തെ ഒരു കൊലപാതകം നടന്ന സ്ഥലമായതുകൊണ്ട് അവിടെ പട്രോളിംഗ് ശക്തമാക്കിയിരുന്നെന്നും പത്തനാപുരം പോലീസ് അറിയിച്ചു.
രാവിലെ തോട്ടത്തിലെത്തിയ സ്ത്രീ തൊഴിലാളികളാണ് കമിഴ്ന്നുകിടന്ന മൃതദേഹം കണ്ടെത്തിയത്.എസ് എഫ് സി കെയിലെ താല്‍ക്കാലിക തൊഴിലാളിയായിരുന്നു നജീബ്. ഭാര്യ:സുനിത.നബീല്‍,നസ്മി എന്നിവര്‍ മക്കളാണ്.