കാക്കനാട്: പാചക, വിപണന രംഗങ്ങളെയെല്ലാം പിന്നിട്ട് കുടുംബശ്രീ വനിതകളുടെ കൈവഴക്കം ഭവനനിർമാണ മേഖലയിലും വെന്നിക്കൊടി പാറിക്കുന്നു. സിമന്റും മണലും യോജിപ്പിക്കാനും ഇഷ്ടിക ചുമക്കാനും മാത്രമല്ല ഒരു വീടു പടുത്തുയർത്താൻ തക്കവിധത്തിൽ പ്രാപ്തരായിക്കഴിഞ്ഞു ഇവർ.
അങ്കമാലി ബ്ലോക്കിലെ മഞ്ഞപ്ര, വൈപ്പിനിലെ നായരന്പലം, മുളന്തുരുത്തിയിലെ ആന്പല്ലൂർ, പള്ളുരുത്തിയിലെ കുന്പളങ്ങി, കോതമംഗലത്തെ വാരപ്പെട്ടി എന്നിവിടങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ വീടുകൾ ഉയരുകയാണ്. നിർമാണ മേഖലയിൽ തൊഴിലെടുക്കാൻ താത്പര്യമുള്ള വനിതകളെ ചേർത്തുണ്ടാക്കുന്ന ഗ്രൂപ്പുകൾക്ക് 45 ദിവസത്തെ നൈപുണി പരിശീലനം നൽകും.
കുടുംബശ്രീ അംഗങ്ങളെയോ കുടുംബാംഗങ്ങളെയോ ഉൾപ്പെടുത്തി ഓരോ ബ്ലോക്കിനു കീഴിലും രണ്ടു യൂണിറ്റുകൾ രൂപീകരിക്കും. കുടുംബശ്രീ കണ്സ്ട്രക്ഷൻ ഏക്സാഥ്, രാജഗിരി, എസ്ബി ഗ്ലോബൽ തുടങ്ങിയ സ്കിൽ ട്രെയിനിംഗ് ഏജൻസികളാണ് ഈ ഗ്രൂപ്പംഗങ്ങൾക്കു പരിശീലനം നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ ’ലൈഫ് ’ മിഷനിൽ അനുവദിക്കുന്ന വീടുകളുടെ നിർമാണത്തിൽ ഇവരെ നേരിട്ട് ഉൾപ്പെടുത്തും. ഇതിലൂടെ ഇവർക്ക് തൊഴിലിൽ ഇടപഴകുന്നതിനും, കൂലി നൽകാതെ ഉടമയ്ക്കു പണി പൂർത്തിയാക്കാനും അവസരമൊരുങ്ങും.
ജില്ലയിൽ 14 ബ്ലോക്കുകളിലും ഗ്രൂപ്പുകൾ രൂപീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പിലും പത്തു മുതൽ 20 വരെ അംഗങ്ങളുണ്ട്. നിർമാണത്തിന്റെ ഓരോ ഘട്ടവും ഏജൻസി സൂക്ഷ്മമായി വിലയിരുത്തും. ജോലിക്കാർക്ക് സ്റ്റൈപ്പന്റും യൂണിഫോമും തിരിച്ചറിയൽ കാർഡും ഹെൽമെറ്റും നൽകും.
കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസസ് പരിശീലന ഫണ്ടിൽ നിന്നാണ് തുക വകയിരുത്തുക. അയൽക്കൂട്ടത്തിലെ അംഗങ്ങൾക്കിടയിലോ, അവരുടെ ബന്ധുക്കളിലോ നാട്ടുകാരിലോ സിവിൽ എൻജിനീയറിംഗ്, ബി ടെക് ഡിപ്ലോമ തുടങ്ങിയവ പൂർത്തിയാക്കിയ വനിതകളുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തി ഗ്രൂപ്പ് ശാക്തീകരിക്കും.
വീടു നിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ് നേടുന്നതിൽ തുടങ്ങി പ്ലാൻ വരയ്ക്കൽ, അംഗീകാരം നേടൽ, വീടുപണി കഴിഞ്ഞ് നന്പർ നേടുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്യാൻ അംഗങ്ങളെ പ്രാപ്തരാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും നിർമാണ ജോലികൾ ഏറ്റെടുക്കാൻ ഗ്രൂപ്പുകളെ പ്രാപ്തരാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഗീവർഗീസ്, അസി. കോ-ഓർഡിനേറ്റർ ടി.എം. റജീന, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ വി.എം. മഞ്ജിഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പദ്ധതികൾ പുരോഗമിക്കുന്നത്.