കൊല്ലം: കേരളത്തിലെ 25 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വൈ ഫൈ കണക്ഷന് നല്‍കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പാരിപ്പള്ളി യുകെഎഫ് എൻജിനീയറിംഗ് കോളജില്‍ ഇത്തിക്കര ഐസിഡിഎസിന്റെ പരിധിയിലുള്ള ആംഗൻവാടി ഹെല്‍പ്പര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കുമുള്ള കമ്പ്യൂട്ടര്‍ സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു മന്ത്രി.
സൗജന്യമായി ലഭിച്ച കമ്പ്യൂട്ടര്‍ അറിവുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായി മേഖലയിലെ ഓരോ പഞ്ചായത്തിലും ഒരു കമ്പ്യൂട്ടറും ഒരു പ്രോജക്ടറും നല്‍കുന്നുണ്ട്. യുകെഎഫ് കോളജിന്റെ സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതു നടപ്പിലാക്കുക. ആംഗൻവാടി പ്രവര്‍ത്തകരുടെ കമ്പ്യൂട്ടര്‍ സാക്ഷരത സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷനായി, ചെയര്മാന് എസ്. ബസന്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. സുജാത, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മായ സുരേഷ്, സുന്ദരേശന്, തദ്ദേശ സ്ഥാപന ഭാരവാഹികളായ അംബികാ കുമാരി, ലൈല, ഡി. ഗിരികുമാര്‍, വിജയശ്രീ സുബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.