നടവയൽ: കുറഞ്ഞചെലവിൽ മരങ്ങൾ ഈർന്നെടുക്കാവുന്ന യന്ത്രം വികസിപ്പിച്ച് ഫർണിച്ചർ ഷോപ്പുടമ ശ്രദ്ധേയനാകുന്നു.കേണിച്ചിറയിലെ റിയൽ ഫർണിച്ചർ ഷോപ്പ് ഉടമ പി.എസ്. രമേശനാണ് മിനി ഓട്ടോമാറ്റിക് ബാൻ സോ എന്ന പേരിൽ ഈർച്ചയന്ത്രം വികസിപ്പിച്ചത് ഒരു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് യന്ത്രം യാഥാർഥ്യമാക്കിയത്.
ഏകദേശം ഒരു ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ചെറുകിട ഫർണിച്ചർ നിർമാണ യൂണിറ്റുകളിൽ ആവശ്യമായ മരം മെഷീനിൽ ഈർന്നെടുക്കാം. സാധാരണ മില്ലുകളിൽ മരം ഈർന്നെടുക്കുന്നതിനു അഞ്ചും ആറും ആളുകൾ വേണം. രമേശൻ വികസിപ്പിച്ച മെഷീൻ പ്രവർത്തിപ്പിക്കാൻ രണ്ടുപേർ മതിയാകും.
ഒരാൾക്കു തനിച്ചും മരം ഈർന്നെടുക്കാനാകും. ഷോപ്പിന്റെ ഭാഗമായ പണിപ്പുരയിലേക്ക് ആവശ്യമായ മരം മില്ലുകളിൽ ഈർന്നെടുക്കുന്നതിനു ഉണ്ടാകുന്ന ഭാരിച്ച ചെലവിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയാണ് മിനി ഓട്ടോമാറ്റിക് ബാൻ സോ വികസിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നു രമേശൻ പറഞ്ഞു. ആവശ്യക്കാരുണ്ടെങ്കിൽ യന്ത്രം നിർമിച്ചുനൽകാനും ഇദ്ദേഹം സന്നദ്ധനാണ്.