കൽപ്പറ്റ: എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകിയെന്ന കോട്ടത്തറ ഈരാംകൊല്ലി വിജയന്റെ ആരോപണം ശരിയല്ലെന്നു ജില്ലാ ബാങ്ക് ജനറൽ മാനേജർ.ആരോപണം ഉന്നയിച്ച വിജയൻ കൽപ്പറ്റയിലുള്ള വെങ്ങപ്പള്ളി ലേബർ കോണ്‍ട്രാക്ട് സഹകരണ സംഘം ഭരണസമിതിയംഗമാണ്. സംഘം റോഡ് പ്രവൃത്തി നടത്തുന്നതിനു ബാങ്കിൽനിന്നും നാലര ലക്ഷം രൂപയുടെ കാഷ് ക്രെഡിറ്റ് വായ്പ എടുത്തിരുന്നു.
പനമരം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറുടെ പവർ ഓഫ് അറ്റോർണി പ്രകാരമാണ് വായ്പ അനുവദിച്ചത്. റോഡ് പ്രവൃത്തി പൂർത്തിയാക്കി പഞ്ചായത്തിൽനിന്നു കൈപ്പറ്റിയ ചെക്ക് സംഘം ഭാരവാഹികൾ കരാർ വ്യവസ്ഥകൾക്കു വിരുദ്ധമായി ബാങ്കിന്റെ പ്രധാന ശാഖ അറിയാതെ കൽപ്പറ്റ ടൗണ്‍ ബാങ്കിൽനിന്നു 2016 നവംബർ എട്ടിനു മാറിയിരുന്നു.
അവധി തെറ്റിയ വായ്പ നിരവധി തവണ അഭ്യർഥിച്ചിട്ടും സംഘം പ്രസിഡന്റും സെക്രട്ടറിയും തിരിച്ചടച്ചില്ല. > ഈ സാഹചര്യത്തിൽ വായ്പ കുടിശിക ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികളുടെ ഭാഗമായാണ് സംഘത്തിന്റെ ഭരണസമിതിയംഗം എന്ന നിലയിൽ വിജയനു നോട്ടീസ് അയച്ചതെന്നു ജനറൽ മാനേജർ പറഞ്ഞു. സംഘത്തിലെ മറ്റു ഭരണ സമിതിയംഗങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.