മുംബൈ: പത്തുവയസുകാരിയായ മകളെ മാനഭംഗപ്പെടുത്തുമെന്നു ട്വീറ്ററിലൂടെ ഭീഷണി മുഴക്കിയ ആൾക്കെതിരെ കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പോലീസിൽ പരാതി നൽകി. ഈ രീതിയിലുള്ള പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ശക്തമായ നടപടി സ്വീകരിക്കാമെന്ന് മുംബൈ പോലീസ് ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.
മധ്യപ്രദേശിൽ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയെ താൻ അനുകൂലിച്ചുവെന്നുള്ള വ്യാജപ്രചാരണമാണു മകൾക്ക് നേരെ ഭീഷണി ഉയരാൻ കാരണമായതെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു. സ്ത്രീകൾക്കു നേരേ വർദ്ധിച്ചു വരുന്ന ഇത്തരം ഭീഷണികൾക്കു നേരേ ബിജെപി കണ്ണടയ്ക്കുന്നതു ശരിയായ നടപടിയല്ലെന്നു കോൺഗ്രസ് നേതാവ് പറഞ്ഞു.
ശ്രീരാമന്റെ മുഖചിത്രമുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി വന്നതെന്നാണ് പരാതി. ഈ അക്കൗണ്ട് അപ്രതീക്ഷമായിരിക്കുകയാണ്.