ജമ്മു കാഷ്മീര്‍ ഭരണം നഷ്ടപ്പെട്ട പിഡിപിയില്‍ പൊട്ടിത്തെറി. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരേ പ്രതിഷേധമുയര്‍ത്തി മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നു പ്രഖ്യാപിച്ചു. ബിജെപി-പിഡിപി ബന്ധം തകരാന്‍ കാരണം മെഹബൂബയാണെന്നു കുറ്റപ്പെടുത്തിയാണു എംഎല്‍എമാരുടെ പ്രതിഷേധം.
മുന്‍ മന്ത്രി ഇമ്രാന് അന്‍സാരിയാണ് വിമതനീക്കത്തിനു നേതൃത്വം നല്‍കുന്നത്. മുഹമ്മദ് അബ്ബാസ് വാനി, ആബിദ് അന്‍സാരി എന്നിവര്‍ ഇമ്രാനു പിന്തുണയുമായി രംഗത്തുണ്ട്. കൂടുതല്‍ എംഎല്‍എമാരെ വശത്താക്കാന്‍ ലക്ഷ്യമിട്ടാണ് എംഎല്‍എമാരുടെ പരസ്യപ്രസ്താവന. മുതിര്‍ന്ന ബിജെപി നേതാവ് രാം മാധവ് കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കാഷ്മീരിലെത്തി ചില രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് മെഹബൂബയ്ക്കെതിരേ കലാപമുയര്‍ത്തി പാര്‍ട്ടി ജനപ്രതിനിധികള്‍ രംഗത്തെത്തുന്നത്. പിഡിപിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും ബദലായി ഒരു മുന്നണി സൃഷ്ടിച്ച്, ബിജെപി പിന്തുണയോടെ അധികാരത്തിലേറുകയാണ് വിമത എംഎല്‍എമാര്‍ ലക്ഷ്യമിടുന്നതെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് 25, പിഡിപിക്ക് 28 എന്നിങ്ങനെയാണ് 89 അംഗ നിയമസഭയിലെ സീറ്റ് നില. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 45 സീറ്റാണു വേണ്ടത്.