കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ഞായറാഴ്ച അർധരാത്രി എസ്എഫ്ഐ നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോട്ടയം സ്വദേശി ബിലാൽ, പത്തനംതിട്ട സ്വദേശി ഫറൂഖ്, ഫോർട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റാണു സെൻട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു രാവിലെ രേഖപ്പെടുത്തിയത്.
സംഭവശേഷം പോലീസ് നടത്തിയ വ്യാപക അന്വേഷണത്തിലാണ് ഇവർ ഉൾപ്പെടെ എസ്ഡിപിഐ- കാന്പസ്ഫ്രണ്ട് പ്രവർത്തകരായ അഞ്ചുപേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരടക്കം കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരേയാണു കേസ്.
പിടികൂടാനുള്ള പ്രധാന പ്രതി ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ഇന്നോ നാളെയോ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണു വിവരം. എന്നാൽ, എത്ര പേർക്കെതിരേയാണു ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല. ചിലർ നിരീക്ഷണത്തിലാണെന്നും കൂടുതൽപേർ പിടിയിലാകുമെന്നുമാണു അധികൃതരിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.
നാല് സംഘങ്ങളായി തിരിഞ്ഞാണു പോലീസ് അന്വേഷണം നടത്തുന്നത്. പ്രതികളിൽ ആരെങ്കിലും ജില്ലാ വിട്ടുപോയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായും എല്ലാ രീതിയിലുമുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ വട്ടവട കൊട്ടക്കാന്പുർ സൂപ്പാവീട്ടിൽ മനോഹരന്റെ മകൻ അഭിമന്യു(20) ആണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർഥി കൊല്ലം കൊട്ടാരക്കര സ്വദേശി അർജുനന്റെ (19) നില ഗുരുതരമായി തുടരുകയാണ്. അർജുൻ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഇതിനുശേഷം മാത്രമേ ആരോഗ്യനില സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന വിവരങ്ങളാണു പുറത്തുവരുന്നത്. എറണാകുളം നോർത്തിലെ ഒരു വീട് കേന്ദ്രീകരിച്ചാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു സൂചന. ഇവിടെയുൾപ്പെടെ കഴിഞ്ഞ ദിവസംരാത്രിതന്നെ പോലീസ് പരിശോധന നടത്തിയിരുന്നു.
ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ഇന്നലെ ക്ലാസ് ആരംഭിക്കുന്നതോടനുബന്ധിച്ചു നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്തിനിടെയായിരുന്നു സംഘർഷം. രാത്രി പന്ത്രണ്ടരയോടെ മഹാരാജാസ് കോളജിന്റെ കിഴക്കുഭാഗത്തെ ബ്ലഡ്ബാങ്കിനു സമീപമുള്ള കവാടത്തിലായിരുന്നു സംഭവം.
അതേസമയം, മഹാരാജാസ് കോളജ് വിദ്യാർഥിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം എസ്ഡിപിഐക്കുമേൽ കെട്ടിവച്ച് സംസ്ഥാനത്തെങ്ങും സംഘർഷം വ്യാപിപ്പിക്കാനുള്ള സിപിഎം നീക്കത്തെ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് അപലപിച്ചു. പാർട്ടിയുടെ കൊടികളും ബോർഡുകളും നശിപ്പിക്കുന്നതു ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണ്.
വൈകാരിക സാഹചര്യം മുതലെടുത്തു വില കുറഞ്ഞ രാഷ്ട്രീയ താൽപ്പര്യം നടപ്പിലാക്കുന്നതിനു പകരം കലാലയങ്ങൾ സംഘർഷഭരിതമാക്കുന്നതിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്താൻ സിപിഎം തയാറാവേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.