ആലുവ: ദേശം സ്വർഗം റോഡിൽ പ്രൈം റോസ് ഫ്ളാറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. ഒൻപതാം നിലയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന അമ്മയേയും മകളേയും ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ഫ്ളാറ്റിൽ താമസിച്ചിരുന്ന ജെറ്റ് എയർവേയ്സ് ജീവനക്കാരി ജാക്ക്വലിൻ മേരി കുര്യൻ (28), മകൾ കാതറിൻ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവം നടന്നയുടൻ അയൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവർ ഇവരെ ഉടൻ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. ആലുവയിൽ നിന്നും രണ്ടും അങ്കമാലി, ഏലൂർ എന്നിവിടങ്ങളിൽ നിന്നും ഒന്നുവീതം അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആലുവയിൽ നിന്നും അഗ്നിശമന സേന എത്തിയ ശേഷവും സ്ഫോടനം നടന്നു.ഫ്ളാറ്റ് പൂർണമായും കത്തിച്ചാമ്പലായി.
കട്ടില, ജനൽ, വാതിൽ, സോഫ് സെറ്റ്, ഡൈനിംഗ് ടേബിൾ, കസേരകൾ, ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, വാഷിംഗ് മെഷ്യൻ, ഫാനുകൾ തുടങ്ങി വീട്ടിലെ സ്റ്റീൽ പാത്രങ്ങൾ വരെ കത്തി നശിച്ചു. ഫ്ളാറ്റിന്റെ ഭിത്തികൾക്കും പൊട്ടൽ വീണു. ഫ്ളാറ്റിൽ നിന്നും ശക്തമായ പുകയും തീയും ഉയർന്നതോടെ അയൽഫ്ളാറ്റുകാരെല്ലാം വിലപിടിപ്പുള്ള സാധനങ്ങളുമായി താഴേക്ക് ഓടിയിറങ്ങുകയായിരുന്നു.
മുകളിലെ നിലകളിലെല്ലാം ശക്തമായ പുകയായതിനാൽ അഗ്നിശമനസേനയുടെ പ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ഒന്നര മണിക്കൂറോളം നാല് യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.