വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനി റോഡിൽ കല്ലുംകുന്നത്ത് ബാലനെ(63) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അടിയേറ്റാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഭാര്യ ഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാരതിയും ബാലനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ദന്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നു പറയുന്നു.
വിവരമറിഞ്ഞ് ഗുരുവായൂർ എസിപി ശിവദാസിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷും സംഘവുമെത്തി ഇൻക്വസ്റ്റ് നടത്തി. രാജൻ, ഗിരിജൻ എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഭാരതിക്കും ഒരു മകനും മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
സംഭവമറിഞ്ഞ് മന്ത്രി എ.സി.മൊയ്തീൻ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.