കോട്ടയം: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരൻ ബൈക്കിടിച്ചു മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പാന്പാടി കുറിയന്നൂർകുന്നേൽ വിജയന്റെ മകൻ കെ.വി. അജേഷ് (43) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ ഒന്നേമുക്കാലിന് നാഗന്പടം ബസ് സറ്റാൻഡിനു മുന്നിലാണ് അപകടം. അജേഷും സഹപ്രവർത്തകനായ ബിനോയിയും ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ഈ സമയം റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നെത്തിയ ബൈക്ക് നിർത്താനായി അജേഷ് എയ്ഡ് പോസ്റ്റിനു മുന്നിൽ നിന്ന് ബൈക്കിനു കൈകാണിച്ചു. എന്നാൽ ബൈക്ക് നിർത്താതെ അജേഷിനെ ഇടിച്ചു തെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ അജേഷ് എയ്ഡ് പോസ്റ്റിന്റെ ഭിത്തിയിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈക്ക് യാത്രക്കാരനെ പോലീസ് അറ്സറ്റു ചെയ്തു. പെരുന്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തൻപറന്പിൽ സിനിൽ ബിജു (21) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലാ സ്റ്റേഷനിൽ നിന്ന് ഒരാഴ്ച മുൻപാണ് അജേഷ് കോട്ടയം ഈസ്റ്റിൽ എത്തിയത്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സിനി. സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിന് പാന്പാടി എസ്എൻഡിപി ശ്മശാനത്തിൽ നടക്കും.