കേരളത്തില്‍ അധികാരം പിടിക്കാന്‍ സാധിക്കാത്തതിന്റെ രോഷം മുഴുവന്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ നേരെ തീര്‍ത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സ്ഥാനം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കേരളത്തില്‍ സിപിഎം സര്‍ക്കാരിനെ വലിച്ചെറിയണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു. അതുവരെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന നേതാക്കളുമായി നടത്തിയ കോര്‍ കമ്മിറ്റി ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടികള്‍ നീണ്ടുപോകുന്നത് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കുമെന്ന കൃത്യമായ സന്ദേശം ആര്‍എസ്എസ് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും വിജയസാധ്യതയുള്ള 11 മണ്ഡലങ്ങളുണ്ടെന്നും അവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോര്‍ കമ്മിറ്റി ചര്‍ച്ചയില്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഈ മണ്ഡലങ്ങളുടെ ചുമതല ദേശീയനേതാക്കള്ക്കായിരിക്കും. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളുടെയും ചുമതല ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനായിരിക്കും.