ന്യൂഡൽഹി: ചൈനയിലും അഞ്ച് ഏഷ്യൻ രാജ്യങ്ങളിലും നിന്നുള്ള ഇറക്കുമതി ഉദാരമാക്കി. ഏഷ്യ പസഫിക് വ്യാപാര ഉടന്പടി(എപിടിഎ)യുടെ ഭാഗമായ ഈ ഇളവുകൾ ഒന്നിനു പ്രാബല്യത്തിൽവന്നു. 3142 ഇനം സാധനങ്ങൾക്കാണ് ചുങ്കം ഇളവുചെയ്തത്.
ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങൾക്കുള്ള ഇറക്കുമതി ചൈന ഉദാരവത്കരിച്ചതിനു തുടർച്ചയായാണ് ഈ നടപടി. ചൈന 8500 ലേറെ സാധനങ്ങൾക്കു ഡ്യൂട്ടി കുറച്ചു.ഇന്ത്യ-ചൈന വ്യാപാരം വർധിപ്പിക്കുന്ന ഈ നടപടി അമേരിക്കയുടെ വ്യാപാരയുദ്ധത്തിനെതിരായ ഒരു നീക്കംകൂടിയാണ്. അമേരിക്കയ്ക്കെതിരേ ഒരു വ്യാപാരസഖ്യംപോലെ നിൽക്കാനാണ് ഇന്ത്യയും ചൈനയും ശ്രമിക്കുന്നത്.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിൽ അപ്രതീക്ഷിത മാറ്റങ്ങലാണ് ഉണ്ടാകുന്നത്. അമേരിക്കയിൽനിന്നു കൂടുതൽ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഇന്ത്യ വാങ്ങാൻ തയാറായി. എന്നാൽ റഷ്യയിൽനിന്ന് ഒന്നും വാങ്ങുകയേ പാടില്ലെന്നാണു ട്രംപ് പറയുന്നത്.
റഷ്യയിൽനിന്നു ട്രയംഫ് മിസൈൽവേധ മിസൈൽ സംവിധാനം വാങ്ങുന്നതിന് അമേരിക്ക എതിർപ്പ് പറഞ്ഞു. വ്യാപാരകാര്യത്തിലാണെങ്കിൽ ഇന്ത്യക്ക് യാതൊര പരിഗണനയും നൽകിയില്ല. ചൈനയ്ക്ക് പിഴച്ചുങ്കം ചുമത്തിയപ്പോൾ ഇന്ത്യക്കും ചുമത്തി.
ഈമാസം നടക്കേണ്ടിയിരുന്ന 2+2 ചർച്ച (രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ-പ്രതിരോധമന്ത്രിമാർ ഒരേസമയം നടത്തുന്ന ചർച്ച) അമേരിക്ക മാറ്റിവയ്ക്കുകയും ചെയ്തു.ഇതെല്ലാം ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ ചൈനയുമായി അടുപ്പംകാണിക്കുന്നത്.
ചൈനയ്ക്കു പുറമേ ബംഗ്ലാദേശ്, ലാവോസ്, മംഗോളിയ, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്കാണ് ചുങ്കത്തിൽ ഇളവ് ലഭിക്കുക. ഇപ്പോൾതന്നെ ശ്രീലങ്കയിൽനിന്നു പ്രത്യേക കിഴിവോടെ നടക്കുന്ന ഇറക്കുമതി ഇന്ത്യൻ കർഷകർക്കും വ്യവസായികൾക്കും ആഘാതമാണ്. വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ വ്യവസായികൾക്ക് ഭീഷണിയുമാണ്. ഈ പ്രശ്നങ്ങൾ വർധിപ്പിക്കുന്നതാണ് പുതിയ നടപടി.