ലോകകപ്പ് മത്സരം വീറോടും വാശിയോടും കൂടെ റഷ്യയില്‍ പുരോഗമിക്കുകയാണ്. റഷ്യയിലെ സ്റ്റേഡിയങ്ങളിലിരുന്ന് കളികാണുന്നവരുടെ അതേ ആവേശമാണ് കൊച്ചു കേരളത്തിലെയും ഫുട്ബോള്‍ ആരാധകര്‍ക്ക്. ഇഷ്ട ടീമുകളുടെ മത്സരങ്ങളും അവരുടെ ജയവും തോല്‍വിയുമെല്ലാം മലയാളികളും നെഞ്ചോട് ചേര്‍ത്ത് ആഘോഷിക്കുകയാണ്.
ലോകകപ്പ് ഫുട്ബാളില്‍ തോറ്റ ടീമുകളുടെ ഫാന്സിനോട് വിജയിച്ച ടീമുകളുടെ ഫാന്സുകള് പറയുന്ന ഒരു ട്രോള്‍ ഉണ്ട്. ടീമിന്റെ പേരില്‍ അടിച്ചുവച്ച ഫ്ളക്സ് അഴിച്ച് മാറ്റിയാല്‍ കോഴിക്കൂട് മൂടാം എന്ന്. എന്നാലിപ്പോള്‍ ആ ട്രോള്‍ ഏറ്റെടുത്തിരിക്കുകയാണ് ബ്ലഡ് ഡോണേഴ്സ് ഓഫ് കേരള. ഫ്ളക്സുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലാവുകയും ചെയ്തു.
അര്‍ജന്റീനയുടെയും ജര്‍മ്മനിയുടെയും പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും ഫാന്സുകാരോട്.. ഇനി പറയുന്നത് ട്രോളല്ല. നിങ്ങള്‍ നാട്ടില്‍ മുക്കിലും മൂലയിലുമായി സ്ഥാപിച്ച ഫ്ളക്സുകള്‍ കരുതി വെച്ചോളൂ.
അത് കോഴിക്കൂട് മൂടാനല്ല. കുറച്ച് പേരെ സഹായിക്കാന്‍. ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്ക് കീഴില്‍ അന്തിയുറങ്ങുന്നവരുടെ വീടുകള്‍ക്ക് മുകളില്‍ മെസ്സിയും റൊണാള്‍ഡോയുമൊക്കെ ഇനി ചിരിച്ച് നില്ക്കും. ഫ്ളക്സുകള്‍ ശേഖരിക്കാന്‍ ബ്ലഡ് ഡോണേഴ്സ് ഓഫ് കേരളയുടെ കോഴിക്കോട് ഘടകം റെഡി. അംജദ് എന്ന ഈ ചെറുപ്പക്കാരന്റെ മനസ്സിലുദിച്ചതാണ് ഈ ആശയം.
ഫ്ളക്സുകള്‍ നല്കാന് തയ്യാറാണെന്ന നിരവധി കോളുകള്‍ ഇതികം തന്നെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബ്ലഡ് ഡോണേഴ്സ് ഓഫ് കേരളയെ തേടിയെത്തി. ഫ്ളക്സുകള്‍ ആവശ്യപ്പെട്ടും പലരും എത്തി. ഈ മാസം 15 വരെ സമയമുണ്ട്.
ഇതിനകം പുറത്തായവര്‍ക്കും ജയിച്ചവര്ക്കുമെല്ലാം തങ്ങള്‍ പലയിടങ്ങളിലായി സ്ഥാപിച്ച ഫ്ളക്സുകള്‍ ഇവരെ ഏല്പിക്കാം. ലോകകപ്പ് മത്സരവും ആവേശവും കളിയായി മാത്രം കടന്നുപോവാതിരിക്കാന്‍ ഉപകരിക്കും ഈ നടപടി.