സി.സി.സോമൻ
കോട്ടയം: കെവിൻ വധക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്ന മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ഇന്നു രാവിലെ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിൽ മൊഴി നല്കാൻ ഹാജരായതാണ് രഹ്ന. നീനുവിന് മാനസിക രോഗമുണ്ടെന്ന് രഹ്ന ആവർത്തിച്ചു.
അതേ സമയം ഇതേക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞു മാറി. കൗണ്സിലിംഗിന് ഹാജരായതു മാത്രമല്ലേ ആശുപത്രിയിൽ ചികിത്സ നടത്തിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ അതേകുറിച്ച് കോടതിയിൽ പറയാമെന്നായിരുന്നു മറുപടി.
മകളുടെ പ്രണയക്കാര്യത്തിന് കെവിന്റെ വീട്ടിലും കെവിന്റെ അച്ഛനെയും വന്നു കണ്ടിട്ടുണ്ടെന്ന് രഹ്ന സമ്മതിച്ചു. കെവിനുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറാൻ നിർദേശിച്ചിരുന്നു. അത് മകളോടുള്ള അമിത സ്നേഹം കൊണ്ടുമാത്രമാണ്. മകൾക്ക് അതാണ് ഇഷ്ടമെങ്കിൽ 10 ദിവസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ്ഞിരുന്നതായും രഹ്ന പറയുന്നു.
നീനുവിനെ ബലമായി കൊണ്ടു പോകാൻ ശ്രമിച്ചിട്ടില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മകളുടെ മാനസിക അവസ്ഥ അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ശ്രമിച്ചതെന്നായിരുന്നു മറുപടി. കെവിനെ കൊല്ലാൻ എന്റെ മകനും ഭർത്താവും ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും രഹ്ന പറഞ്ഞു. രഹ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ കേസിൽ ഉൾപ്പെടുത്തുമോ എന്നു വ്യക്തമാവുകയുള്ളു.
അമ്മ അറിയാതെ കെവിന്റെ കൊലപാതകം നടക്കില്ലെന്നും എല്ലാത്തിനും അമ്മയാണ് നിർദേശം നല്കിയതെന്നുമാണ് കഴിഞ്ഞ ദിവസം നീനു പറഞ്ഞത്. നീനുവിന് മാനസിക രോഗമുള്ളതായി അറിയില്ല എന്നാണ് അയൽവാസികളും പറയുന്നത്. രഹ്ന ഇന്നലെ എത്തുമെന്ന വിവരത്തെ തുടർന്ന് മാധ്യമ പ്രവർത്തകർ ഇന്നലെ ഉച്ചവരെ ജില്ലാ പോലീസ് ഓഫീസിനു മുന്നിൽ കാത്തു നിന്നിരുന്നു.