കടുത്തുരുത്തി: കോട്ടയം ജില്ലയിലെ നീർപ്പാറ ജംഗ്ഷനിൽ നിന്ന് എറണാകുളം ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരിൽ പലർക്കുമറിയില്ല ചരിത്രത്തിന്റെ ഓർമക്കുറിപ്പുകളായ അടയാളങ്ങൾ പിന്നിട്ടിട്ടാണ് തങ്ങൾ സഞ്ചരിക്കുന്നതെന്ന വിവരം.
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നീർപ്പാറയിൽ ഇന്നും അവശേഷിക്കുന്ന കൊതിക്കല്ലുകൾ രാജഭരണത്തിന്റെ ചരിത്രം പേറുന്ന മൂകസാക്ഷികളാണ്. തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ വേർതിരിക്കാനായി സ്ഥാപിച്ച അതിർത്തി കല്ലുകളാണ് കൊതിക്കല്ലുകൾ എന്നറിയപ്പെടുന്നത്.
രണ്ടടി വീതിയിൽ സമചതുരാകൃതിയിൽ രണ്ട് മീറ്ററിലധികം നീളമുള്ള കരിങ്കൽ തുണിന്റെ (കൊതിക്കല്ല്) ഒരു മീറ്ററോളം ഭാഗമാണ് മണ്ണിന് മുകളിൽ കാണുന്നത്. കല്ലിന്റെ ഒരു ഭാഗത്ത് കൊച്ചിയെന്നും മറുഭാഗത്ത് തിരുവിതാംകൂറെന്നും രേഖപ്പെടുത്തിയിരുന്നതിനാലാണ് കൊതിക്കല്ലുകളെന്ന പേരു വന്നതെന്ന് പഴമക്കാർ ചൂണ്ടിക്കാട്ടുന്നു. കൊതിക്കല്ലുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണിന്ന് ശേഷിക്കുന്നത്.
കല്ലിലെ എഴുത്തുകൾക്ക് മങ്ങലേറ്റ് തുടങ്ങിയിട്ടുണ്ട്. മാർത്താണ്ഡവർമ്മയുടെ നിർദേശപ്രകാരം ദിവാൻ രാമയ്യർ ദളവ നിർമിച്ച ഇല്ലിക്കോട്ടയുടെ ഭാഗമായാണ് കൊതിക്കല്ലുകൾ സ്ഥാപിച്ചത്. രാജ്യസുരക്ഷയ്ക്കും വിവിധ ഉത്പന്നങ്ങൾ കൊച്ചിയിലേക്ക് കടത്തുന്നത് തടയുന്നതിനുമായിട്ടായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇല്ലിക്കോട്ട നിർമിച്ചത്.
വെള്ളൂർ പഞ്ചായത്തിലെ തൊട്ടൂർ ചാലാശേരി മുതൽ ചെന്പ് പഞ്ചായത്തിലെ കീച്ചേരി വാലാത്തല വരെയുള്ള പത്ത് കിലോമീറ്റർ ദൂരത്തിലാണ് ഇല്ലിക്കോട്ട സ്ഥാപിച്ചത്.
തിരുവിതാംകൂർ-കൊച്ചി അതിർത്തിയിൽ തിരുവിതാംകൂറിന്റെ ഭാഗത്ത് 12 അടിയിലധികം ആഴത്തിലും പത്തടിയിലധികം വീതിയിലും ചരിച്ചു കിടങ്ങ് നിർമിച്ചാണ് കോട്ട കെട്ടിയത്. കോട്ട നിർമാണത്തിനായി മാറ്റിയ മണ്ണിൽ ഇല്ലിച്ചെടി വച്ചുപിടിപ്പിച്ചതിനാലാണ് ഇത് ഇല്ലിക്കോട്ട എന്നറിയപ്പെട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
കാർഷിക വിളകളും പുകയില ഉത്പന്നങ്ങളും വിലക്കുറവായിരുന്ന തിരുവിതാംകൂറിൽ നിന്നും വില കൂടുതൽ ലഭിച്ചിരുന്ന കൊച്ചിയിലേക്ക് കടത്തുന്നത് തടയാനായി കോട്ടയോട് ചേർന്ന് ചെക്ക് പോസ്റ്റുകളും എക്സൈസ് സ്റ്റേഷനുകളും ഉണ്ടായിരുന്നു.
വാച്ചറും പെറ്റീ ഓഫീസറും ഉൾപെടെ നിരവധി ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്തിരുന്നു. വെള്ളൂർ പുലിമുഖത്തും നീർപാറയിലും ഉണ്ടായിരുന്ന എക്സൈസ് ഓഫീസുകളും ഇല്ലിക്കോട്ടയും കാലപ്പഴക്കത്താൽ നാമാവശേഷമായി.
രാജഭരണകാലത്തെ ശേഷിപ്പുകളായ കൊതിക്കല്ലുകളെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ തിരുവിതാംകൂർ-കൊച്ചി അതിർത്തിയിലെ കോട്ടയും രാജഭരണകാലത്തെ വിവരങ്ങളും പുതുതലമുറയ്ക്ക് വിസ്മൃതിയിലാണ്ട വെറും കേട്ടുകേൾവി മാത്രമാകും.