തിരുവില്വാമല: വാദ്യകലയിൽ മദ്ദളത്തനിമ നിലനിർത്തി നാല് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന തിരുവില്വാമല രാജന് അറുപതാം ജന്മദിനത്തിൽ ജന്മനാട്ടിൽ നടക്കുന്ന ആദരസമർപ്പണം ഒന്പത്, പത്ത് തീയതികളിൽ ശ്രീവില്വാദ്രിനാഥ സന്നധിയിൽ നടക്കും.
പത്തിന് രാവിലെ പത്തിന് പ്രഫ. വി. മുധുസൂദനൻനായരാണ് “സ്വനികം’ എന്ന ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. മദ്ദളവാദനരംഗത്ത് വെങ്കിച്ചൻ സ്വാമിക്കും അപ്പുക്കുട്ടി പൊതുവാളിനും ശേഷം ശ്രദ്ധേയനായ രാജൻ വില്വാമലയുടെ ഖ്യാതി അതിർത്തികൾക്കപ്പുറത്തെത്തിച്ച മദ്ദളകലാകാരനാണ്.
പതിനേഴാം വയസിൽ തൃപ്പാളൂർ കണ്ണൻനായരുടെ ശിക്ഷണത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ചെർപ്പുളശേരി ശിവൻ, തിച്ചൂർ വാസുവാര്യർ, കുനിശേരി ചന്ദ്രൻ, കല്ലേക്കുളങ്ങര കൃഷ്ണവാര്യർ എന്നിവരുടെ കീഴിൽ കൂടുതൽ പ്രാവീണ്യം നേടി വാദ്യരംഗത്ത് സജീവമായി. തിരുവില്വാമല രാജന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ആയിരത്തിലധികം പഞ്ചവാദ്യങ്ങൾ നടന്നിട്ടുണ്ട്.
ഉത്രാളിക്കാവ് ഏങ്കക്കാട് വിഭാഗം, ചിനക്കത്തൂർ വടക്കുമംഗലം, ദേശമംഗലം പൂരക്കമ്മറ്റി, വേലൂർ കുറുമാലിക്കാവ്, ആക്കപ്പറന്പ് മാരിയമ്മൻപൂജ, ചെന്നൈ അയ്യപ്പസേവാസംഘം എന്നിവിടങ്ങളിൽനിന്നെല്ലാം സുവർണമുദ്ര ലഭിച്ചിട്ടുണ്ട്. പത്തിന് രാവിലെ എട്ടിന് ശ്രീവില്വാദ്രിനാഥക്ഷേത്രം മേൽശാന്തി കുന്നത്ത്മന കേശവൻ നന്പൂതിരിയുടെ നേതൃത്വത്തിൽ ദീപപ്രോജ്വലനം, തുടർന്ന് അഷ്ടപദി എന്നിവ നടക്കും.
ചടങ്ങിനോടനുബന്ധിപ്പ് ഒന്പതിന് വൈകീട്ട് നാലിന് ഗ്രാമീണ വായനശാലയിൽ “വില്വാമലയിലെ വാദ്യവിസ്മയങ്ങൾ” സെമിനാറും കല്ലേക്കുളങ്ങര കഥകളിഗ്രാമം അവതരിപ്പിക്കുന്ന കഥകളിയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി ഭാരവാഹികളായ ചേലക്കര സൂര്യൻ, കെ. ജയപ്രകാശ്കുമാർ, തിരുവില്വാമല ഹരി, രാമു, നാരായണൻ നന്പീശൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.