പാലക്കാട്: വീടിന്റെ മുൻവാതിൽ പൂട്ടുതകർത്ത് ഉറങ്ങിക്കിടന്ന വൃദ്ധയെ ആക്രമിച്ച് കഴുത്തിൽനിന്നും സ്വർണമാല പൊട്ടിച്ചു മോഷണം നടത്തിയ പ്രതിക്ക് നാലുവർഷം കഠിനതടവും നാലായിരം രൂപ പിഴയും വിധിച്ചു. കോയന്പത്തൂർ മേട്ടുപ്പാളയം ആലംകൊന്പ് കരിമൊക്കയിൽ മാരിമുത്തുവിന്റെ മകൻ ഷണ്മുഖനെ (49)യാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) അരവിന്ദ് ബി.എടയോടി ശിക്ഷവിധിച്ചത്.
2012 ഡിസംബർ 23ന് രാത്രി രണ്ടിനാണ് ഒലവക്കോട് കലാസിയൻവീട്ടിൽ പരേതനായ മഹാരാജന്റെ ഭാര്യ ഭാഗ്യലക്ഷ്മി (70)യുടെ മാല പ്രതി പൊട്ടിച്ചെടുത്തത്. വീടിനുമുന്നിൽനിന്നും പിക്കാസെടുത്ത് മുൻവാതിൽ ഗ്രിൽ ഗേറ്റിന്റെ പൂട്ടുതകർത്താണ് കൂട്ടുപ്രതിയായ വിജയനുമൊത്ത് വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്.
തുടർന്ന് 15 ദിവസത്തിനുശേഷം പ്രതികളായ ഷണ്മുഖനെയും വിജയനെയും ഒലവക്കോട് സായ് ഹോസ്പിറ്റൽ ജംഗ്്ഷനിൽനിന്നും സംശയാസ്പദ നിലയിൽ പിടികൂടുകയായിരുന്നു.കേസിന്റെ വിചാരണസമയത്ത് ഹാജരായിരുന്ന വിജയന്റെ വിചാരണ പിന്നീട് നടത്തും. ഹേമാംബിക പോലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സീനിയർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.