നെന്മാറ: ഒന്നാം വിളകൃഷിയിറക്കിയ പാടശേഖരങ്ങളിൽ കള ശല്യം കൂടിയതിൽ കർഷകർ ആശങ്കയിൽ. വേനൽമഴ കിട്ടിയതോടെ ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകരാണ് കള ശല്യം കൂടിയതോടെ വെട്ടിലായത്. കളപറിച്ചു മാറ്റാൻ കൂലിയിനത്തിൽ തല്ലൊരു തുക ചിലവാകുമെന്ന് തിരുവഴിയാട് പുത്തൻത്തറ പാടശേഖരത്തിലെ കുറ്റിക്കാടൻ ലാസർ പറഞ്ഞു.
ഞാറ്റടി തയ്യാറാക്കി നടീൽ പണികൾ ചെയ്ത കൃഷിയിടങ്ങളിലും കള ശല്യം ഉണ്ടെന്നതാണ് കഷകരെ നടുവൊടിച്ചിരിക്കുന്നത്. ആവശ്യത്തിനു വേണ്ടുന്ന തൊഴിലാളികളെ ലഭിക്കാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട ഗതികേടും കർഷകരെ നിരാശരാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് കരാർ വ്യവസ്ഥയിൽ ഞാറുനടീൽ പണികൾ ചെയ്തു തീർത്ത കർഷകരാണ് ഏറിയ പങ്കും.
നട്ടു തീർത്ത നെൽച്ചെടികളെല്ലാം തന്നെ കനത്ത മഴയിൽ വെള്ളക്കെട്ടിൽ നാശമായി പോയതും കർഷരെ വലയ്ക്കുന്നു. ഞാറ്റടി തയ്യാറാക്കിയ മറ്റു കർഷകനിൽ നിന്നും വീണ്ടും ഞാറുവാങ്ങി നട്ടു പിടിപ്പിക്കേണ്ട സ്ഥിതിയിലാണ് കർഷകർ.